2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ വിമാനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവർക്ക് ORMA International (Overseas Residents Malayalee Association International) സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ആദരാഞ്ജലികൾ അർപ്പിച്ചു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ AI171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരന്‍ ഒഴികെ 241 പേരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ആകെ 265 പേർക്ക് മരണം സംഭവിച്ചു.
വളരെ ഹൃദയഭേദകമായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർത്ഥനയോടെ ORMA International വേദനപൂർണ്ണമായ അനുശോചന യോഗം സംഘടിപ്പിച്ചു. മനസ്സിൽ നൊമ്പരവുമായി ഒന്നിച്ചു കൂടിയ ഈ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ ORMA International പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡൻ്റ് ജോർജ് നടവയൽ, പിആർഒ മെർളിൻ അഗസ്റ്റിൻ, ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോളിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ), എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി.
പ്രസംഗങ്ങൾക്കിടയിൽ നേതാക്കൾ ഈ ദുരന്തത്തെ ഒരു ദേശീയ ദുരന്തമായി ആഖ്യാനിച്ചു. യാത്രികർക്കായി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി നടപ്പിലാക്കുന്നതിനും, ഇനിയൊരിക്കലും ഇത്തരത്തിലുള്ള വലിയ വിമാന ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കത്തക്കവിധം അതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വിമാനയാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർബന്ധമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള വൻദുരന്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, വികസനത്തോടൊപ്പം സുരക്ഷക്കും പ്രാധാന്യം കല്പിക്കേണ്ടതാണെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല, മാനുഷികവും ഉത്തരവാദിത്വപരവും ആയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ മുന്നോട്ടുവച്ചു. അപകടത്തിൽ ദുഃഖത്തിലാണ്ടിരിക്കുന്ന മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി ബന്ധപ്പെട്ട എല്ലാവർക്കും ORMA International ഐക്യദാർഢ്യവും ആത്മസ്വാന്തനവും ഈ അനുസ്മരണ യോഗത്തിലൂടെ അർപ്പിച്ചു.