കോഴിക്കോട്: മലബാറിൽ മുക്കാൽ ലക്ഷം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പടിക്ക് പുറത്തുനിൽക്കുമ്പോൾ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത് നീതികേടാണെന്നും വിവേചന ഭീകരതയെ തെരുവിൽ ചോദ്യം ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. മലബാർ ജില്ലകളിൽ 78,798 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിക്കാത്തത്. ഇത്രയും വിദ്യാർത്ഥികൾക്ക് വേണ്ടി പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അവശേഷിക്കുന്നത് 1905 സീറ്റുകൾ മാത്രമാണ്.
മലപ്പുറത്ത് 25,082 വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ പുറത്താകുമ്പോൾ പാലക്കാട് 18,830 ഉം കോഴിക്കോട് 16,889 വിദ്യാർത്ഥികളും ഇത്തവണ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ടി വരുന്നു. കണ്ണൂരിൽ 9947 ഉം വയനാട് 3349 ഉം കാസർകോട് 4701 ഉം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്.
സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന ആനുപാതിക സീറ്റ് വർധനവിലൂടെയുള്ള സീറ്റ് പരിഗണിച്ചിട്ട് കൂടിയാണ് ഇത്രയും കുറവുകൾ മലബാറിൽ ഉള്ളത്. തെക്കൻ ജില്ലകളിൽ 25 വിദ്യാർത്ഥികൾ പോലുമില്ലാതെ 93 ഉം 40 വിദ്യാർത്ഥികൾ പോലുമില്ലാതെ 1000 + പ്ലസ് വൺ ബാച്ചുകളും പ്രവർത്തിക്കുമ്പോഴാണ് മലബാറിൽ മാത്രം ഒരു ക്ലാസിൽ 65 കുട്ടികൾ വരെ കുത്തിത്തിരക്കിയിരിക്കേണ്ടി വരുന്നത്.
പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ പൈസ കൊടുത്ത് പഠിക്കേണ്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് വിദ്യാർത്ഥികളെ പടുകുഴിയിലേക്ക് എടുത്തെറിയും വിധം കഴിഞ്ഞാഴ്ച്ചത്തെ മന്ത്രിസഭയിൽ അൺ എയ്ഡഡ് സ്കൂളുകളിൽ 10% ആനുപാതിക സീറ്റ് വർധന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കടുത്ത വിദ്യാർത്ഥി വഞ്ചനയാണ്. ഇതിനകം ‘മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലകളിൽ വ്യത്യസ്തമായ പരിപാടികൾ നടത്തുന്നുണ്ട്.
പ്രവേശന നടപടികൾ പൂർണമായും അവസാനിപ്പിക്കുന്നതിന് മുമ്പ് മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ/എയ്ഡഡ് മേഖലയിൽ പ്രവേശനമുറപ്പ് വരുത്തിയിട്ടില്ലെങ്കിൽ മന്ത്രിമാരെ വഴിയിൽ തടയുന്നതടക്കമുള്ള ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.