ഫിലഡല്‍ഫിയയില്‍ സണ്‍‌ഡേ സ്കൂള്‍ വാര്‍ഷികവും ഗ്രാജുവേഷനും അവാര്‍ഡു ദാനവും

ഫിലഡല്‍ഫിയ: ജൂണ്‍ 7, 8 ദിവസങ്ങളില്‍ സെന്‍റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന സ്കൂള്‍ വാര്‍ഷികവും, കുട്ടികളുടെ ടാലന്‍റ് ഷോയും, പന്ത്രണ്ടാം ക്ലാസ് ഗ്രാജുവേഷനും വര്‍ണാഭമായി ആഘോഷിച്ചു. ‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’ എന്ന സന്ദേശവുമായി വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്‍റെ വെളിച്ചത്തില്‍ കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിവിധ കലാരൂപങ്ങളായി സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ശനിയാഴ്ച്ച വൈകുന്നേരം കൈക്കാരന്മാരായ പോളച്ചന്‍ വറീദ്, ജോസ് തോമസ്, സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, മതാധ്യാപകര്‍കൂടിയായ ബഹുമാനപ്പെട്ട സി. എം. സി സിസ്റ്റേഴ്സ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ്, മതാധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ സാക്ഷിയാക്കി മുഖ്യാതിഥിയായ സാഗര്‍ സീറോമലബാര്‍രൂപതാ ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം, ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് സി.സി.ഡി. വാര്‍ഷികാഘോഷങ്ങളും, ടാലന്‍റ് നൈറ്റും ഉത്ഘാടനം ചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട സി.സി.ഡി. നൈറ്റില്‍ പ്രീകെ മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ സംഘ നൃത്തം, ആക്ഷന്‍ സോംഗ്, സ്കിറ്റ്, കോമഡി എന്നിങ്ങനെ വ്യ്തസ്തങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഹോളി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍ നടത്തിയ ബൈബിള്‍ റീഡിംഗ് ചലഞ്ച്, 2025 ബൈബിള്‍ ജെപ്പടി മല്‍സരങ്ങളില്‍ വിജയം വരിച്ചവരെയും, പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍നിന്നും സമ്പൂര്‍ണഹാജര്‍ നേടിയ കുട്ടികളെയും, പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയവരെയും, സര്‍ട്ടിഫിക്കറ്റും, കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

ജൂണ്‍ 8 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം നടന്ന ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങില്‍ പ്രീ കെ മുതല്‍ 14 വര്‍ഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന 24 ഹൈസ്കൂള്‍ ബിരുദധാരികളെ വിശ്വാസിസമൂഹം ആദരിച്ചു. മദ്ധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍രൂപതാ ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം മുഖ്യാതിഥിയായി ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി

ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു സി.സി.ഡി. ക്ലാസ് ഓഫ് 2025 ഗ്രാജുവേറ്റ്സിനെ അനുമോദിച്ചത്. മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2025 നു ആശംസകളര്‍പ്പിച്ചു.

പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്‍റ് ആയ ആശിഷ് തങ്കച്ചനു ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 1000 ഡോളര്‍ കാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും മാര്‍ ജെയിംസ് അത്തിക്കളവും, റവ. ഡോ. ജോര്‍ജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും സംയുക്തമായി നല്‍കി ആദരിച്ചു.

സി.സി.ഡി. പൂര്‍വവിദ്യാര്‍ത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യന്‍, ജോസഫ് സെബാസ്റ്റ്യന്‍, ജയിംസ് മാത്യു, സിറില്‍ ജോണ്‍, ജെറിന്‍ ജോണ്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ 1000 ഡോളര്‍ ഫാമിലി ഫ്രണ്ട്സ് സ്കോളര്‍ഷിപ് ഏറ്റവും നല്ല ലേഖനം രചിച്ച ഫിയോണാ കൊച്ചുമുട്ടം കരസ്ഥമാക്കി.

സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും എസ്. എ. റ്റി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജെസിക്കാ ചാക്കോ, ലിലി ചാക്കോ എന്നിവര്‍ക്ക് എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ എസ്. എം. സി. സി. പ്രസിഡന്‍റ് ജോജോ കോട്ടൂരും ടീമംഗങ്ങളുംകൂടി നല്‍കി ആദരിച്ചു.

സി. സി. ഡി. ഈയര്‍ബുക്കിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റുഡന്‍റ് എഡിറ്റര്‍മാരായ ഫിയോണാ കൊചുമുട്ടം, ജോയ്സ് സോബിന്‍ എന്നിവരെയും തദവസരത്തില്‍ ആദരിച്ചു.

ഫോട്ടോ: ജോസ് തോമസ്

Print Friendly, PDF & Email

Leave a Comment

More News