സ്കൂൾ പരിസരങ്ങളിലെ കടകളില്‍ വിൽക്കുന്ന ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജൂൺ 18, 19 തീയതികളിൽ സംസ്ഥാനത്തുടനീളമുള്ള സ്കൂൾ പരിസരങ്ങളിലെ 1502 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തി വെയ്പ്പിച്ചു. പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. 98 കടകളിൽ നിന്ന് പിഴ ഈടാക്കാൻ നടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്കായി 428 നിരീക്ഷണ സാമ്പിളുകളും 61 നിയമാനുസൃത സാമ്പിളുകളും ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ് ക്രീമുകള്‍, സിപ്-അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്. ഇത്തരം ഭക്ഷണ സാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മിഠായികളും സിപ്-അപുകളും പല വര്‍ണങ്ങളിലാണ് വില്‍പന കേന്ദ്രങ്ങളില്‍ എത്തുന്നത്. കൃത്രിമ നിറങ്ങള്‍ ഇതിനായി ഉപയോഗിക്കാനുള്ള സാധ്യതകളും കൂടുതലാണ്. നിറങ്ങള്‍ കണ്ട് ഭക്ഷണം വാങ്ങി കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ ധാരാളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടയുടമകളെല്ലാവരും തന്നെ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.
പരിശോധനയില്‍ കടകളില്‍ ലഭ്യമായ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടേയും വിതരണം ചെയ്യുന്നവരുടേയും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയാല്‍ ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, മൊത്ത വില്‍പനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരേയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ കുട്ടികളായതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
പി.ആര്‍.ഡി, കേരള സര്‍ക്കാര്‍