കോഴിക്കോട്: മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ നഗരത്തിൽ തടഞ്ഞു. സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ല പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയും മെറിറ്റ് അവാർഡും പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ സ്കൂളിന് മുന്നിൽ വെച്ചാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ തടഞ്ഞത്. ഏറെ പണിപ്പെട്ടാണ് നിറഞ്ഞ പോലീസ് സന്നാഹത്തിന് പ്രവർത്തകരെ പിടിച്ചുമാറ്റാൻ സാധിച്ചത്. ഇതിനിടെ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐക്കാർ പോലീസിൻ്റെ സാന്നിധ്യത്തിൽ മർദിച്ചു. പ്രതിഷേധിച്ച ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഴുവൻ അലോട്ട്മെൻ്റുകളും പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചിട്ടും മലബാർ ജില്ലകളിൽ 78,798 വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കുകയാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. അവസാനത്തെ വിദ്യാർത്ഥിക്കും സീറ്റ് ലഭ്യമാകുന്നത് വരെ തെരുവിൽ പ്രക്ഷോഭം തുടരും. എസ്.എഫ്.ഐക്കാരെ അണിനിരത്തി പ്രതിഷേധക്കാരെ അടിച്ചൊതുക്കി പ്രതിഷേധം ഇല്ലാതാക്കാമെന്നത് മന്ത്രിയുടെ വ്യാമോഹമാണ്. മന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ അവകാശ സമരത്തെ ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കാനും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.