നോയിഡ : പക്ഷാഘാതം ഒന്നിന്റെയും അവസാനമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ കൊമ്മാടി തൈപറമ്പിൽ ചെറിയാൻ മാമ്മൻ. ദൈവം ചെയ്ത ഉപകാരങ്ങൾക്കും തന്റെ സ്വപ്നം പൂവണിയുന്നതിന് ചൊരിഞ്ഞ ദൈവകൃപയ്ക്കും കരുണയ്ക്കും പക്ഷാഘാത ദിനം പിന്നിട്ട് 47-ാം വിവാഹ വാർഷിക ദിനത്തിൽ തൊഴുകൈകളോടെ ദൈവത്തിന് നന്ദി പറയുകയാണ് ചെറിയാൻ മാമ്മനും (ബാബു ) കുടുംബവും.
ആലപ്പുഴ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇടവക അംഗമായ ചെറിയാൻ മാമ്മൻ ഒഡീഷ ഇലക്ട്രിസിറ്റി ബോർഡിൽ 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച് ഡൽഹി ഉത്തം നഗറിൽ താമസമാക്കി. 10 വർഷത്തോളം അവിടെ താമസിച്ചതിന് ശേഷം നോയിഡയിലേക്ക് താമസം മാറ്റി. ജീവിതത്തെ സ്പർശിക്കുന്ന ബൈബിൾ വാചകങ്ങൾ ഇടയ്ക്കിടെ ഡയറിയിൽ കുറിച്ച് വെക്കാറുണ്ടായിരുന്നു. ഇത് തുടരുന്നതിനിടയിൽ ഭാര്യ അന്നമ്മയാണു ബൈബിൾ പകർത്തി എഴുതിക്കൂടെ എന്ന് ചോദിച്ചത്. അത് പ്രേരണയാകുകയും 20 മുതൽ 30 പേജുകൾ പകർത്തി എഴുതുവാനും തുടങ്ങി.
അതിനിടയില്‍ പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ ആയിരുന്നത് മൂലം എഴുത്ത് മുടങ്ങി. കടുത്ത നിരാശ നേരിടേണ്ടി വന്നെങ്കിലും ദൈവത്തിലുള്ള ആശ്രയം കൈവിടാതെ പ്രാർത്ഥനയിൽ മുഴുകി. ആരോഗ്യം പൂർവ്വസ്ഥിതിയിലേക്ക് എത്തിയതിനെ തുടര്‍ന്ന് വീണ്ടും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 365 ദിവസം കൊണ്ട് 3424 പേജില്‍ പഴയ നിയമവും പുതിയ നിയമവും പകർത്തി എഴുതുവാൻ ഇടയായി.
ഡൽഹി സിഎസ്ഐ മലയാളം പാരിഷിൽ നടന്ന ചടങ്ങിൽ റവ. സൂരജ് പൗലോസ് തോമസ് ബൈബിൾ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു.
തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗമായ ചെറിയാന്‍ മാമ്മനെ കുടുംബ യോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ. പ്രെയ്സ് തൈപറമ്പിൽ, വൈസ് പ്രസിഡന്റ് റവ. ജോൺസൺ അലക്സാണ്ടർ മാടവന, സെക്രട്ടറി അലക്സ് തോമസ് വാഴയിൽ പുത്തൻപറമ്പിൽ എന്നിവർ അഭിനന്ദിച്ചു.
ഒബി, ബോബിൻ എന്നിവർ മക്കളും സജു ( യുകെ), ലിജി എന്നിവർ മരുമക്കളുമാണ്.

