“അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു”: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിന്‍ സൽമാനെ ന്യായീകരിച്ച് ട്രംപ്

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെ ന്യായീകരിച്ച ഡൊണാൾഡ് ട്രംപ്, കൊലപാതകത്തെക്കുറിച്ച് സല്‍മാന്‍ രാജകുമാരന് ഒന്നും അറിയില്ലെന്ന് പറഞ്ഞു. അതേസമയം, ആണവ കരാറിലും എഫ്-35 കരാറിലും യുഎസും സൗദി അറേബ്യയും ധാരണയിലെത്തി.

വാഷിംഗ്ടണ്‍:2018-ൽ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അറിയില്ലായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സൗദി കിരീടാവകാശിയെ ന്യായീകരിച്ചു.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, ഈ വിഷയത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് “പരുഷമായി” എന്ന് ട്രംപ് വിശേഷിപ്പിച്ചു. അതേസമയം, ഇരു രാജ്യങ്ങളും ഒരു പ്രധാന ആണവ സഹകരണ കരാറിലും എഫ്-35 യുദ്ധവിമാനങ്ങൾക്കായുള്ള കരാറിലും ഒപ്പുവച്ചു, ഇത് കൂടിക്കാഴ്ചയ്ക്ക് കൂടുതൽ ഊർജ്ജം പകർന്നു.

സംഭാഷണത്തിനിടെ, ജമാൽ ഖഷോഗി “വളരെ വിവാദപരമായ വ്യക്തി”യാണെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിൽ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ “അതിഥിയെ നാണം കെടുത്തരുതെന്ന്” അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, കൊലപാതകത്തിന് രാജകുമാരൻ ഉത്തരവിട്ടതായി 2021 ലെ യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. സൗദി ഭരണകൂടം ഇതിനെ “തെമ്മാടി ഏജന്റുമാരുടെ” പ്രവൃത്തിയായി നിരന്തരം വിശേഷിപ്പിച്ചിട്ടുമുണ്ട്.

ഖഷോഗിയുടെ കൊലപാതകം “വേദനാജനകവും” “വലിയ തെറ്റും” ആണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് വളരെയധികം ബാധിച്ചുവെന്ന് പറഞ്ഞു. ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം രാജകുമാരൻ ആദ്യമായയാണ് അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. അമേരിക്കയിൽ ഒരു ട്രില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ജമാൽ ഖഷോഗിയുടെ വിധവയായ ഹനാൻ എലത്താർ ഖഷോഗി സൗദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തണമെന്നും, അദ്ദേഹം ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഈ വിഷയം വലിയൊരു നയതന്ത്ര സംഘർഷത്തിന് കാരണമായിരുന്നു. എന്നാല്‍, ട്രംപ് ഇപ്പോൾ അതെല്ലാം മറന്ന് സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ടിവി ചാനലിന്റെ ലൈസൻസ് പോലും റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാല, കോടിക്കണക്കിന് ഡോളറിന്റെ സിവിൽ ആണവോർജ്ജ സഹകരണ കരാറിൽ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെ ഭാവി വിതരണത്തിനായുള്ള ഒരു പ്രധാന പ്രതിരോധ കരാറിനും ട്രംപ് അംഗീകാരം നൽകി. അമേരിക്കൻ സാങ്കേതിക വിദ്യയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇരു രാജ്യങ്ങളും AI സാങ്കേതികവിദ്യ പങ്കിടാനും സമ്മതിച്ചു. ഈ അവസരത്തിൽ വൈറ്റ് ഹൗസിൽ ഒരു ആഡംബര അത്താഴവും നടന്നു.

അബ്രഹാം കരാറുകൾ പ്രകാരം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സൗദി രാജകുമാരനിൽ സമ്മർദ്ദം ചെലുത്തിയതായി ട്രംപ് പറഞ്ഞു. കരാറുകളിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ ആദ്യം പലസ്തീൻ രാഷ്ട്രത്തിനായുള്ള വ്യക്തമായ ഒരു രൂപരേഖ ആവശ്യമാണെന്നും രാജകുമാരൻ പറഞ്ഞു. ചർച്ചയ്ക്കിടെ, രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നു. സൗദി അറേബ്യയില്‍ ട്രം‌പിന് വന്‍ ബിസിനസ്സുകളുണ്ട്. എന്നാൽ കുടുംബത്തിന്റെ ബിസിനസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താൻ അവരിൽ നിന്ന് അകന്നു നിൽക്കുകയാണെന്നുമാണ് ട്രംപ് പറഞ്ഞത്.

ജമാൽ ഖഷോഗി
സൗദി വിമതനും എഴുത്തുകാരനും വാഷിംഗ്ടൻ പോസ്റ്റിലെ ഒരു കോളമിസ്റ്റും അൽ അറബ് ചാനലിന്റെ എഡിറ്റർ-ഇൻ ചീഫും ആയിരുന്നു ജമാൽ ഖഷോഗി. 2018 ഒക്ടോബർ 2-ന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഏജന്റുമാരാൽ അദ്ദേഹം കൊലചെയ്യപ്പെട്ടു. സൗദി പുരോഗമനവാദികൾക്ക് ഇടം നൽകിയിരുന്ന ‘അൽ വതൻ’ എന്ന സൗദി പത്രത്തിന്റെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2017 സെപ്റ്റംബറിൽ സൗദി അറേബ്യയിൽ നിന്ന് പലായനം ചെയ്ത ഖഷോഗി അമേരിക്കയില്‍ അഭയം തേടുകയായിരുന്നു. അദ്ദേഹം സൗദി സർക്കാറിനെ കടന്നാക്രമിച്ചുകൊണ്ട് പത്രങ്ങളിൽ ലേഖനങ്ങളും എഴുതി. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെയും ഭരണാധികാരി സൽമാന്റെയും നിശിത വിമർശകനായിരുന്നു ഖഷോഗി. യമനിലെ സൗദി ഇടപെടലിനെയും അദ്ദേഹം എതിർത്തു.

2018 ഒടോബർ 2 ന് തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകൾക്കായി തുർക്കിയിലെ ഇസ്താബൂളിലുള്ള സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ഖഷോഗി പിന്നീട് തിരിച്ചു വന്നില്ല. അദ്ദേഹം കോൺസുലേറ്റിനകത്ത് കൊലചെയ്യപ്പെടുകയും അംഗച്ഛേദം ചെയ്യപ്പെടുകയുമാണുണ്ടായത് എന്ന റിപ്പോർട്ടുകൾക്കിടയിൽ, കോൺസുലേറ്റിലെ സൗദി -തുർക്കിഷ് സംഘങ്ങളുടെ അന്വേഷണം ഒക്ടോബർ 15 ന് നടന്നു. ആദ്യഘട്ടത്തിൽ ഖഷോഗിയുടെ മരണം സൗദി നിഷേധിച്ചെങ്കിലും പിന്നീട് സൗദി അറ്റൊണി പറഞ്ഞത് അദ്ദേഹത്തിന്റെ കൊലപാതകം ഒരു ഗൂഡാലോചനയുടെ ഭാഗമാണന്നായിരുന്നു. എന്നാൽ, 2018 നവംബർ 16 ന് അമേരിക്കൻ ചാരസംഘടനയായ സിഐഎ പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ് പ്രകാരമാണ് ഖഷോഗി കൊലപാതകം നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

പാരീസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട വെയിൽസിലെ രാജകുമാരി ഡയാനയുടെ കൂട്ടാളിയായിരുന്ന ഡോഡി ഫായിദിന്റെ ആദ്യ കസിൻ കൂടിയാണ് ജമാൽ ഖഷോഗി. സൗദി അറേബ്യയിൽ നിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം നേടിയ ജമാൽ ഖഷോഗി 1982-ൽ അമേരിക്കയിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി.[

2018 ഡിസംബർ 11 ന് ജമാൽ ഖഷോഗിയെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ടൈം മാഗസിൻ ഖഷോഗിയെ “സത്യത്തിന്റെ രക്ഷാധികാരി” എന്നാണ് വിശേഷിപ്പിച്ചത്.

Leave a Comment

More News