പശ്ചിമേഷ്യയിലെ സംഘര്‍ഷം: വ്യോമയാന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തെഴുതി

തിരുവനന്തപുരം: വിമാന യാത്രാ പ്രതിസന്ധി നേരിടുന്ന കേരളം ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിമാന യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവിന് കത്തെഴുതി.

മെയ് 31 വരെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ നിബന്ധനകൾ കാരണം നിരവധി സർവീസുകൾ റദ്ദാക്കി. കൂടാതെ, പശ്ചിമേഷ്യൻ വ്യോമാതിർത്തി നിയന്ത്രണങ്ങളും വിമാനക്കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനെത്തുടർന്ന് എയർ ഇന്ത്യ 690 വിമാനങ്ങൾ റദ്ദാക്കുകയും ഇൻഡിഗോ സർവീസുകൾ 90 ശതമാനം കുറയ്ക്കുകയും ചെയ്തു.

വിമാന സർവീസുകൾ കുറച്ചതോടെ ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർദ്ധിച്ചു. എമിറേറ്റ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ വിദേശ വിമാനക്കമ്പനികൾ ഈ സാഹചര്യം പരമാവധി മുതലെടുത്ത് പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൂടുതൽ ഇന്ത്യൻ സർവീസുകൾ ആരംഭിക്കണമെന്നും ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകളിലൂടെ വിമാന നിരക്കുകൾ നിയന്ത്രിക്കണമെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു. അടിയന്തര ഘട്ടങ്ങളിൽ ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ വിമാന യാത്ര ക്രമീകരിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News