വ്യാജ രേഖകളുപയോഗിച്ച് യു എസ് പൗരത്വം നേടിയ ഇന്ത്യന്‍ വംശജന്റെ പൗരത്വം നഷ്ടമായി

വാഷിംഗ്‌ടൺ: യുഎസ് പൗരത്വത്തിനായി വ്യാജ രേഖകൾ നിർമ്മിക്കുന്നവരെ പിടികൂടാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശക്തമായ നിയമങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വ്യാജ രേഖകൾ നിർമ്മിച്ച് അധികാരികളെ കബളിപ്പിച്ച ഒരു ഇന്ത്യൻ വംശജന്റെ പൗരത്വം നഷ്ടമായി.

ഗുർദേവ് സിംഗ് സോഹൽ എന്ന വ്യക്തിയുടെ യുഎസ് പൗരത്വമാണ് കോടതി റദ്ദാക്കിയത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നൽകിയ സിവിൽ ഡിനാച്ചുറലൈസേഷൻ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഗുർദേവ് സിംഗിനെ പോലെ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് യുഎസ് പൗരത്വം അനധികൃതമായി നേടിയെടുത്ത നിരവധി ആളുകൾ യുഎസിൽ ഉണ്ടെന്നാണ് അധികാരികൾ പറയുന്നത്.

പതിറ്റാണ്ടുകളായി യുഎസിൽ താമസിക്കുന്ന ആളാണ് ഇന്ത്യൻ വംശജനായ ഗുർദേവ് സിംഗ് സോഹൽ. ഇയാളുടെ ശരിക്കുമുള്ള പേര് ദേവ് സിംഗ് എന്നാണ്. 1994-ൽ സോഹലിനെ യുഎസിൽ നിന്നും പുറത്താക്കാൻ ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാൽ, അന്ന് സോഹൽ രാജ്യം വിട്ട് പോയില്ല, പകരം അദ്ദേഹത്തിന്റെ പേരും ഐഡൻറ്റിറ്റിയും വിലാസവും മുഴുവനും മാറ്റി യുഎസിൽ തുടർന്നു.

ദേവ് സിംഗ് എന്ന പേര് മാറ്റി ഗുർദേവ് സിംഗ് സോഹൽ എന്നാക്കി. ജനനത്തീയതിയും ആദ്യമായി യുഎസിലേക്ക് എത്തിയ തീയതിയും മാറ്റി. രേഖകളിലുള്ള ബാക്കി വിവരങ്ങളും തിരുത്തി പുതിയത് നിർമിച്ചു. ശേഷം ഇതെല്ലം വെച്ച് പുതിയ ഒരു ഐഡന്റിറ്റി ഇയാൾ സൃഷ്ടിച്ചു.

2005-ൽ സോഹൽ പുതിയ ഐഡന്റിറ്റി ഉപയോഗിച്ച് യുഎസ് പൗരത്വം നേടാനായി അപേക്ഷിച്ചു. വർഷങ്ങൾക്ക് മുൻപ് തനിക്ക് പൗരത്വം റദ്ദാക്കിയതായി പറഞ്ഞതുമില്ല. വ്യാജ രേഖകൾ വെച്ച് 2005 ൽ സോഹൽ യുഎസ് പൗരത്വം സ്വന്തമാക്കി.

എന്നാൽ, 2020-ൽ പരിശോധനകൾ ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ വിരലടയാളം പരിശോധിച്ച രണ്ടു പേരിൽ ഒരേ വിരലടയാളം കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ പഴയ വിരലടയാള രേഖകളും പുതിയ രേഖകളും തമ്മിൽ താരതമ്യം ചെയ്തപ്പോൾ രണ്ടും ഒരേ വ്യക്തിയുടേതാണെന്ന് മനസിലാക്കി. കൂടുതൽ പരിശോധനയിൽ സോഹൽ വ്യാജ രേഖകൾ സൃഷ്ടിച്ചാണ് പൗരത്വം നേടിയതെന്ന് കണ്ടെത്തി.

കൃത്രിമ രേഖകള്‍ നിർമ്മിച്ചതും, പഴയ നിയമ പ്രശ്നങ്ങൾ മറച്ചുവെച്ചതും ഗുരുതര കുറ്റമായി കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് പൗരത്വം ഉപയോഗിച്ച് രാജ്യത്ത് തുടരാന്‍ യോഗ്യനല്ലെന്ന് കോടതി പറഞ്ഞു.

യുഎസിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഇനിയും ഒരുപാട് കേസുകൾ ഉണ്ടെന്നും ജഡ്ജി പറഞ്ഞു. ഇത്തരം ആളുകളെ കണ്ടെത്തനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News