മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സ്ഥിരം പരിഹാരത്തിനുള്ള നയരേഖ സർക്കാർ പ്രഖ്യാപിക്കണം: നഈം ഗഫൂർ

താൽക്കാലിക സീറ്റ് വർധനവെന്ന കണ്ണിൽ പൊടിയിടലിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധിക്കും

കോഴിക്കോട്: കാലങ്ങളായി ഇവിടുത്തെ വിദ്യാർത്ഥി സംഘടനകൾ ഉന്നയിക്കുന്ന പ്ലസ് വൺ സീറ്റ് വിതരണത്തിൽ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥയും മലബാറിലെ സീറ്റ് ക്ഷാമവും പരിഹരിച്ചുകൊണ്ടുള്ള നടപടിക്രമമാണ് ഹയർ സെക്കൻഡറി പ്രവേശനത്തിൽ ആരംഭിച്ചതെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ്റെ അവകാശവാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. മലബാർ വിദ്യാഭ്യാസ അവഗണനയുടെ കാതലായ പരിഹാരത്തെ അഭിമുഖീകരിക്കാതെയാണ് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ഈ അധ്യയന വർഷാരംഭം സംസ്ഥാനത്താകെയുണ്ടായിരുന്ന പ്ലസ് വൺ സീറ്റുകളുടെ അടിസ്ഥാന എണ്ണം 3,61,044 ആയിരുന്നു. എന്നാൽ, എസ് എസ് എൽ സി പാസായവർ 4,10,456 പേരാണ്. ഇതിൽ സീറ്റില്ലാതെ പുറത്താകാൻ സാധ്യയതയുള്ളവർ അധികവും മലബാർ ജില്ലകളിലാണ്. ഈ സീറ്റ് ക്ഷാമം പരിഹരിക്കാനാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനം ആനുപാതിക വർദ്ധനവ് കൊണ്ടുവരാനും കഴിഞ്ഞ സർക്കാർ ആരംഭിച്ച താൽക്കാലിക ബാച്ചുകൾ തുടരാനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇത് പ്രകാരം പ്ലസ് വൺ സീറ്റുകൾ അൺ എയ്ഡഡ് ഉൾപ്പടെ 4,39,184 ആയി വർദ്ധിക്കുകയും ഇതുവരെ അനുവദിക്കപ്പെട്ട 314 താൽക്കാലിക ബാച്ചുകളിൽ 313 എണ്ണം തുടരുകയും ചെയ്യും. ഇത് മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിച്ചെന്ന മട്ടിൽ കൊട്ടിഘോഷിക്കപ്പെടുന്നതിൽ വലിയ അപകടമുണ്ട്. കഴിഞ്ഞ അധ്യയന വർഷങ്ങളിൽ വിദ്യാർത്ഥി സമരങ്ങളെ തുടർന്ന് ഇടത് ഭരണകൂടം അവസാനം എത്തിയ താൽക്കാലിക പരിഹാരമാണ് ഈ സീറ്റ് വർദ്ധനവും താൽക്കാലിക ബാച്ചുകളും. അന്ന് മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ഇത് പര്യാപ്‌തമല്ല എന്ന് പറഞ്ഞവർ അതേ നടപടി തന്നെ കൈക്കൊണ്ട് പ്ലസ് വൺ സീറ്റ് പ്രശ്‌നം പരിഹരിച്ചുവെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.

മലബാർ ജില്ലകളിൽ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നെന്നും അതിൻ്റെ പരിഹാരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണെന്നും ഡാറ്റകളുടെ അടിസ്ഥാനത്തിൽ നിർദ്ദേശിച്ചത് കഴിഞ്ഞ സർക്കാർ നിശ്ചയിച്ച കാർത്തികേയൻ കമ്മീഷനാണ്. മലബാറിലെ ഓരോ ജില്ലകളിലെയും പ്ലസ് വൺ, വി എച്ച് എസ് ഇ , ഐ.ടി.ഐ, പോളി തുടങ്ങിയ ആകെ സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ ഇതിൻ്റെ പ്രത്യാഘാതം മനസ്സിലാകും. മലപ്പുറം ജില്ലയിൽ 78887 വിദ്യാർത്ഥികൾ എസ് എസ് എൽ സി പാസായപ്പോൾ 47950 സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ 42675 വിദ്യാർത്ഥികൾ പാസായപ്പോൾ 34917 സീറ്റുകളും, പാലക്കാട് 38147 പേർ പാസായപ്പോൾ 28823 സീറ്റുകളും, കണ്ണൂർ ജില്ലയിൽ 34742 പേർ പാസായപ്പോൾ 29811 സീറ്റുകളും, വയനാട് 11145 പേർക്ക് 9714 സീറ്റുകളും, കാസർഗോഡ് 20418 പേർക്ക് 16835 സീറ്റുകളും മാത്രമാണ് ലഭ്യമായിട്ടുള്ളത്.

പുതിയ സീറ്റ് വർദ്ധനവ് പ്രകാരം 30% സീറ്റ് വർദ്ധിപ്പിക്കുന്ന ബാച്ചുകളിൽ 65 കുട്ടികളും 20% സീറ്റ് വർദ്ധിക്കുന്ന ബാച്ചുകളിൽ 60 കുട്ടികളുമാണ് ഉണ്ടാവുക. 45 കുട്ടികളാണ് ഒരു ക്ലാസിൽ മാക്സിമം ഉണ്ടാകേണ്ടത് എന്നിരിക്കെയാണ് മലബാറിൽ ഒരു ക്ലാസിൽ 65 കുട്ടികൾക്ക് തിങ്ങി നിറഞ്ഞ് പഠിക്കേണ്ട ഗതികേട് വരുന്നത്. താൽക്കാലിക ബാച്ചുകളും സീറ്റ് വർദ്ധനവും വിദ്യാർത്ഥികളുടെ സ്വതന്ത്രമായ വിദ്യാഭ്യാസ അവകാശത്തെ തന്നെ നിഷേധിക്കുന്ന വ്യവസ്ഥകളായിരിക്കേ ഈ താൽക്കാലിക പരിഹാരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചേ എന്ന് പ്രഖ്യാപിക്കുന്നത് കാലങ്ങളായുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടത്തെ വഞ്ചിക്കുന്ന നിലപാടാണ്.

പുതിയ സർക്കാർ ഇടത് ഭരണകൂടം തുടർന്ന അതേ താൽക്കാലിക പരിഹാരത്തെ ആശ്രയിക്കാതെ ഈ സീറ്റ് പ്രതിസന്ധിക്ക് ശ്വാശ്വതമായ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. മലബാറിലെ ജില്ലകൾക്ക് പുതിയ ബാച്ചുകൾ അനുവദിക്കാനും കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുമുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി വിദ്യാഭ്യാസ മന്ത്രിയും സർക്കാറും കാണിക്കണം. മിനിമം നിലവിലെ താൽക്കാലിക ബാച്ചും അധിക സീറ്റുകളും മാത്രം പ്രഖ്യാപിച്ച് സീറ്റ് പ്രതിസന്ധി പരിഹരിച്ചേ എന്ന് പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കരുത്. പുതിയ ബാച്ചുകൾ അടക്കമുള്ള ശ്വാശ്വത പരിഹാരത്തിനുള്ള കൃത്യമായ നയരേഖ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം വിദ്യാർത്ഥി അവകാശ സമരത്തിലൂടെ അത് നേടിയെടുക്കാൻ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.

Leave a Comment

More News