മഞ്ചേരി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: വിമൻ ജസ്റ്റിസ് നേതാക്കൾ കുടുംബത്തെ സന്ദർശിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന 73-കാരി പാർവതിയുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ സന്ദർശിച്ചു. ശസ്ത്രക്രിയക്കിടെ ഞരമ്പുകൾ മുറിയുകയും ആവശ്യമായ തുടർ പരിചരണം ലഭിക്കാതിരിക്കുകയും ചെയ്തതായി കുടുംബം പറയുന്നു.

മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിൽ കാലിലെ ഒന്നിലേറെ ഞരമ്പുകൾക്ക് മുറിവ് പറ്റിയതായും കാലിന്റെ ചലനശേഷി നഷ്ടപ്പെടാൻ ഇത് ഇടയാക്കിയേക്കാമെന്നും പൂർവസ്ഥിതിയിലാകുമെന്ന് ഉറപ്പുപറയാനാകില്ലെന്നാണ് തുടർചികിത്സ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്.

ഗുരുതരമായ വീഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ഉണ്ടായിരിക്കുന്നത്. രോഗിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടവും നികത്താനാവാത്തതാണ്. അതിനാൽ, സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും രോഗിക്കും കുടുംബത്തിനും അർഹമായ നഷ്ടപരിഹാരവും തുടർചികിത്സയും ലഭ്യമാക്കണം.
ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകും.

ജില്ലാ പ്രസിഡണ്ട് ബുഷ്‌റ ടീച്ചർ,ജനറൽ സെക്രട്ടറി ജസീല കെ പി,സെക്രട്ടറി റഹ്മത്ത് തുടങ്ങിയവരാണ് പാർവതിയുടെ കുടുംബത്തെ സന്ദർശിച്ചത്.

Leave a Comment

More News