
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ ഒരു പഴയ പ്രസംഗം വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നു. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന്, ഇടതുപക്ഷ സർക്കാരിനെ പരിഹസിച്ചുകൊണ്ട് മുരളീധരൻ മുമ്പ് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ്.
ഭരിക്കുന്നവർ നല്ലവരല്ലെങ്കിൽ രാജ്യത്ത് ദുരന്തങ്ങൾ സംഭവിക്കുമെന്നും ‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന അവസ്ഥയിലാണ് കേരളമെന്നും 2021 ൽ മുരളീധരൻ ഒരു പ്രസംഗം നടത്തിയിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങൾ നടന്നിട്ട് വർഷങ്ങളായി എന്ന പ്രസ്താവനയ്ക്ക് ഇടതു സർക്കാരിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ നിപ്പ ബാധയെ ശാസ്ത്രീയ കാരണങ്ങൾ അന്വേഷിക്കുന്നതിനുപകരം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കാനാണ് മുരളീധരൻ ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. “അടുത്തിടെ, ഒരു രോഗം ഉയർന്നുവന്നിട്ടുണ്ട്, നിപ്പ. അത് കേരളത്തിൽ മാത്രമാണ് ഈ രോഗം വന്നിട്ടുള്ളത്. വവ്വാലുകളിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. കരുണാകരനും എ കെ ആന്റണിയും ഭരിച്ചിരുന്ന കാലത്ത് കേരളത്തിൽ വവ്വാലുകൾ ഉണ്ടായിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന രോഗം ഇപ്പോള്‍ പടരാൻ കാരണമെന്താണ്?” മുരളീധരൻ അന്ന് പരിഹസിച്ചിരുന്നു.
ശാസ്ത്രീയ ബോധമില്ലാതെ രാഷ്ട്രീയ നേട്ടത്തിനായി അന്ന് സംസാരിച്ച, ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് അതേ അഭിപ്രായം തന്നെയാണോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. ഇടതു സർക്കാരിന്റെ കാലത്ത് നിപ വന്നപ്പോൾ അശാസ്ത്രീയമായ രീതിയിൽ അതിനെ നേരിട്ട വ്യക്തി ഇന്ന് ആരോഗ്യവകുപ്പ് മേധാവിയായിരിക്കുമ്പോൾ എന്ത് മറുപടി നൽകുമെന്നാണ് ജനങ്ങളുടെ ചോദ്യം. ആരോഗ്യമന്ത്രി ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ പുലർത്തുന്നത് എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
