ഇടതുമുന്നണി സർക്കാരിന്റെ പരാജയത്തിന് കാരണം ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മുന്നണി നേതാക്കളുടെ പെരുമാറ്റവും രീതികളും: കെ. ആനന്ദകുമാര്‍

നെടുമങ്ങാട്: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടത്തിയ ഇടതുമുന്നണി സർക്കാരിന്റെ പരാജയത്തിന് കാരണം ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മുന്നണി നേതാക്കളുടെ പെരുമാറ്റവും രീതികളുമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ്‌ (എം) നെടുമങ്ങാട് നിയോജകമണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും കേരളാ കോൺഗ്രസ്‌ (എം) വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജനകീയ വിഷയങ്ങളിൽ സജീവവും സാർത്ഥകവുമായി ഇടപെടുന്ന പാർട്ടി ചെയർമാൻ ജോസ് കെ മാണി യെ യോഗം അഭിനന്ദിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ സതീഷ് മേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. സുനു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പോത്തൻകോട് ഷോഫി, ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ, നിയോജകമണ്ഡലം സെക്രട്ടറി മോഹനൻ, മണ്ഡലം പ്രസിഡന്റുമാരായ രവീന്ദ്രൻ നായർ, രാജൻ, വി. ദിലീപ്, സവാദ്, എം. പ്രദീപ്, ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News