ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; അറസ്റ്റിലായ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) യുടെ പേരിൽ ഡൽഹിയിലെ ജന്തർ മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആർ‌എസ്‌എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി സോപാധിക ജാമ്യം അനുവദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, അടുത്ത മൂന്ന് ദിവസത്തേക്ക് അന്വേഷണവുമായി സഹകരിക്കുക, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദിച്ചത്. നോട്ടീസ് നൽകാതെയാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.

തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പോലീസ് സംഘം ഞായറാഴ്ച കൊച്ചിയിലെ മട്ടാഞ്ചേരിയിലെത്തിയാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം വിംഗിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം 5 മണിയോടെ മട്ടാഞ്ചേരിയിലെ ചെർളായിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് ഉപകരണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷമാണ് പോലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. മോഹൻദാസിന്റെ ലൈംഗികാതിക്രമ പരാമർശത്തിനും ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും യുവാക്കളെയും വെടിവച്ചുകൊല്ലണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കുമെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. സിപിഐ മണ്ഡലം സെക്രട്ടറി എംകെ അബ്ദുൾ ജലീലും സാമൂഹിക പ്രവർത്തകൻ ഹാരിസ് അബുവും മട്ടാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.

Leave a Comment

More News