എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രമില്ല; വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സെപ്റ്റംബർ 23ന്

എടത്വ: അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാതയിൽ യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത് കടത്തിണ്ണകളിൽ. പ്രധാന ജംഗ്ഷനുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടിയന്തിരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സെപ്റ്റംബർ 23ന് രാവിലെ 9ന് നടത്തുവാൻ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാർ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജോ. സെക്രട്ടറി ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, സാബു മാത്യു കളത്തൂർ, ബിനോമോൻ പഴയമഠം, കെജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. കൺവീനറായി എടത്വ ഗ്രാമ പഞ്ചായത്ത് മുൻ അംഗം പി.സി. ജോസഫിനെ തെരഞ്ഞെടുത്തു.

2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ ഈ പാതയില്‍ യാത്രക്കാര്‍ വലയുകയാണ്. 70,73,82716 രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ പൊടിയാടി ജംഗ്ഷനിലും അമ്പലപ്പുഴ ജംഗ്ഷനിലും നിരവധി യാത്രക്കാരാണ് എടത്വ ഭാഗത്തക്ക് വരുന്നതിന് ബസ് കാത്ത് നില്‍ക്കുന്നത്. പൊരി വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് ഏക ആശ്രയം കടതിണ്ണകളാണ്.

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ 18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും, കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഡവലപ്പ്മെന്റ് ഓഫിസർക്ക് അനുമതി നല്‍കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, പൊതു മരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ എന്നിവരെ എതിർ കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് എടത്വ വികസന സമിതി ഹർജി നല്‍കി.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ റോഡിൽ വെള്ളപ്പൊക്ക സമയത്ത് ഗതാഗതം തടസ്സപ്പെടൂന്നത് ഒഴിവാക്കുവാന്‍ ഈ ഭാഗം ഉയർത്തുന്നതിനുമുള്ള പ്രവൃത്തിയും അടിയന്തിരമായി പൂർത്തികരിക്കണമെന്ന് എടത്വ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

Leave a Comment

More News