അൻഷാദ് അനി ഇവിടെയുണ്ട്; ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ദിനത്തിലും

തിരുവല്ല: സിഎസ്ഐ മധ്യ കേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവൽ വാലയിൽ തിരുമേനി മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷത്തിനിടയിലും തിരക്കിലാണ് അൻഷാദ് അനി.

കഴിഞ്ഞ 16 വർഷമായി അഭിവന്ദ്യ ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവൽ വാലയിൽ തിരുമേനിയുടെ വാഹനത്തിന്റെ വളയം തിരിക്കുന്നത് അൻഷാദ് അനിയാണ്. ബിഷപ്പ് ആയി സി.എസ്.ഐ മദ്ധ്യ കേരള മഹായിടവകയുടെ ചുമതല വഹിച്ചിരുന്ന സമയത്തും വളരെ കൃത്യനിഷ്ടതയോടെയും സമയ ക്ളിപ്തതയോടെയും ബിഷപ്പിനെ എത്തിച്ചിരുന്നത് അൻഷാദ് അനി ആയിരുന്നു.പദവിയിൽ നിന്നും വിരമിച്ചിട്ടും അൻഷാദ് അനി ബിഷപ്പിന്റെ നിഴൽപ്പോലെ കൂടെയുണ്ട്.

ബിഷപ്പിനൊപ്പം ദൂരയാത്ര ചെയ്യുന്നതിനിടയിൽപോലും വെള്ളിയാഴ്ച നിസ്ക്കാരം നടത്തുന്നതിന് അൻഷാദിന് അവ ഒന്നും തടസ്സമായിട്ടില്ല.യാത്രക്കിടയില്‍ പള്ളിയിൽ കയറി അൻഷാദ് അനി നിസ്ക്കരിച്ച് മടങ്ങി വരുമ്പോൾ ബിഷപ്പ് കാറിനുള്ളിൽ ഇരുന്ന് പുസ്തക വായനയിൽ മുഴുകിയിരിക്കും. പായിപ്പാട് നിർമ്മിച്ച മസ്ജിദിന്റെ സമർപ്പണ ചടങ്ങിൽ ബിഷപ്പിനെ മുഖ്യ പ്രഭാഷണം നടത്തുന്നതിന് ക്ഷണിക്കുന്നതിന്നും അൻഷാദ് മറന്നില്ല.

കേരളത്തിലെ സി.എസ് ഐ ഇടവകകളും ബിഷപ്പിന്റെ ബന്ധു വീടുകളും എല്ലാം അൻഷാദിന് സുപരിചിതമാണ്. തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗത്തിന്റെ രക്ഷാധികാരിയുമായ ബിഷപ്പ് തോമസ് സാമുവേൽ തിരുമേനിയെ സമ്മേളനത്തിൽ എത്തിക്കുന്നതുമൂലം അൻഷാദ് ഏവർക്കും പ്രിയപ്പെട്ടവൻ തന്നെയാണ്‌.

ഗതാഗത നിയമങ്ങൾ എല്ലാം പാലിച്ച് 4 പേരടങ്ങുന്ന കുടുംബത്തെ പുലർത്തുന്നതിന് വളയം പിടിക്കുന്നതിനിടയിൽ മിതഭാഷകൻ ആണെങ്കിലും പുഞ്ചിരിയ്ക്ക് ഒട്ടും പിശുക്ക് കാണിക്കാറില്ല.

ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷം തോലശ്ശേരി സിഎസ്ഐ ചർച്ചിൽ നടന്നു.

2001 മുതൽ 2011 വരെ സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ 11-ാം മത് ബിഷപ്പ് ആയി സേവനമനുഷ്ഠിച്ച ശേഷം 2011 മാർച്ചിൽ തന്റെ 65-ാമത്തെ വയസ്സിലാണ് അദ്ദേഹം ബിഷപ്പ് പദവിയിൽ നിന്ന് വിരമിച്ചത്. നിലവിൽ സഭയിൽ ‘ബിഷപ്പ് എമെരിറ്റസ്’ പദവിയിൽ തുടരുന്ന ഏറ്റവും പ്രായം കൂടിയ മുൻ ബിഷപ്പാണ്.

ക്രൈസ്തവ സഭകളുടെ ഐക്യത്തിന്റെയും എക്യൂമെനിക്കൽ സഹകരണത്തിന്റെയും പ്രതീകമായ നിലയ്ക്കൽ എക്യൂമെനിക്കൽ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ബിഷപ്പ് തോമസ് സാമുവൽ നൽകിയ പിന്തുണയും നേതൃത്വവും ശ്രദ്ധേയമായിരുന്നു. രജത ജൂബിലി ആഘോഷ ചടങ്ങിൽ വിവിധ സഭാ മേലദ്ധ്യക്കൻമാർ, ആത്മീയ – രാഷ്ട്രീയ – സാംസ്ക്കാരിക – സാമൂഹിക – വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വ്യക്തികള്‍ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Comment

More News