കെഎസ്ആർടിസിക്ക് ‘ജോസേട്ടന്റെ വക’ ഒരു ബസ്; 40 ലക്ഷം നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

സ്വകാര്യ വ്യക്തിയുടെ പണം ഉപയോഗിച്ച് കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നത് ചരിത്രത്തിൽ ആദ്യം; അങ്കമാലി ഡിപ്പോയിൽനിന്ന് അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന സർവീസ് നടത്തണമെന്ന അഭ്യർഥനയും ജോസ് മുന്നോട്ടു വെച്ചു. 

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് മാതൃകാപരമായ കൈത്താങ്ങുമായി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയാണ് വ്യവസായിയായ ജോസ് സംഭാവന നൽകിയത്. ഒരു സ്വകാര്യ വ്യക്തി സ്വന്തം നിലയിൽ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി പണം നൽകുന്നത് കോർപറേഷന്റെ ചരിത്രത്തിൽ ഇതാദ്യമാണ്.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഗതാഗത മന്ത്രി സി.പി. ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജോസിൽനിന്ന് ചെക്ക് സ്വീകരിച്ച മുഖ്യമന്ത്രി പിന്നീട് അത് ഗതാഗത മന്ത്രിക്ക് കൈമാറി. തുടർന്ന് തുക കെഎസ്ആർടിസി സിഎംഡിക്ക് കൈമാറി.

കെഎസ്ആർടിസിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ജോസിന്റെ സംഭാവന നല്ലൊരു തുടക്കമാകട്ടെയെന്നും കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും സമാനമായ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കാൻ വ്യക്തികൾ നേരിട്ട് രംഗത്തുവരുന്നത് പ്രോത്സാഹനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അങ്കമാലി മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന സ്ഥാപനം നടത്തുന്ന വ്യവസായിയാണ് ജോസ്. അദ്ദേഹത്തിന്റെ കമ്പനിയുടെ പേരിലാണ് 40 ലക്ഷം രൂപയുടെ സംഭാവന നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയെ പിന്തുണയ്ക്കാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഒരു ബസ് സ്പോൺസർ ചെയ്യാൻ ജോസ് തീരുമാനിച്ചത്. തന്റെ തീരുമാനം ആദ്യം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെയാണ് അദ്ദേഹം അറിയിച്ചത്.

പിന്നീട് ഗതാഗത മന്ത്രി സി.പി. ജോണുമായി നടത്തിയ കൂടിക്കാഴ്ചയിൽ റോജി എം. ജോൺ ഇക്കാര്യം അറിയിക്കുകയും തുടർനടപടികൾക്ക് വഴിയൊരുങ്ങുകയും ചെയ്തു. ജോസിന്റെ തീരുമാനം മറ്റുള്ളവർക്ക് മാതൃകയാകുന്നതാണെന്ന് റോജി എം. ജോൺ പ്രതികരിച്ചു.

സംഭാവനയ്ക്കൊപ്പം ജോസ് മുന്നോട്ടുവച്ച പ്രധാന അഭ്യർഥന, തന്റെ സഹായത്തോടെ വാങ്ങുന്ന ബസ് അങ്കമാലി ഡിപ്പോയിൽനിന്ന് സർവീസ് നടത്തണമെന്നതാണ്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് ക്രമീകരിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

ഈ നിർദേശത്തെ മന്ത്രി റോജി എം. ജോണും പിന്തുണച്ചു. ജോസ് നിർദേശിച്ച രീതിയിൽ സർവീസ് ആരംഭിക്കുന്നതിന് ഗതാഗത മന്ത്രി അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇതോടെ അങ്കമാലി മേഖലയിലെ യാത്രക്കാർക്കും അതിരപ്പിള്ളിയിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്കും പുതിയ സർവീസ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാനുള്ള പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നത്. വ്യക്തികൾക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും ബസുകൾ സ്പോൺസർ ചെയ്യാം. കമ്പനികൾക്ക് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ട് ഉപയോഗിച്ചും പദ്ധതിയുടെ ഭാഗമാകാം.

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി തുക നൽകിയിരുന്നു. എന്നാൽ ഒരു സ്വകാര്യ വ്യക്തി നേരിട്ട് ബസ് വാങ്ങുന്നതിനുള്ള തുക നൽകുന്നത് ഇതാദ്യമായാണ്. ജോസിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിയെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക വെല്ലുവിളികൾക്കിടയിലും പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്താനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് ജോസിന്റെ 40 ലക്ഷം രൂപയുടെ സംഭാവന പുതിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ബസ് അങ്കമാലി ഡിപ്പോയിൽനിന്ന് നിരത്തിലിറങ്ങുന്നതോടെ ജോസിന്റെ സഹായം ഒരു സാമ്പത്തിക സംഭാവന എന്നതിനപ്പുറം യാത്രക്കാർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പൊതുഗതാഗത സേവനമായും മാറും.

Leave a Comment

More News