ആശുതോഷ് റാങ്കയെ വിട്ടയച്ചില്ലെന്ന് CJP; ‘അറസ്റ്റിനെയും ജയിലിനെയും ഭയപ്പെടില്ല’, അസമിലേക്ക് നേരിട്ടെത്തുമെന്ന് ദീപ്കെ
ഗുവാഹത്തി: അസം പൊലീസിന്റെ കസ്റ്റഡിയിലുള്ള ആശുതോഷ് റാങ്കയെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്ന ആരോപണത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി CJP സ്ഥാപകൻ അഭിജിത് ദീപ്കെ. “നാളെ രാവിലെ അസമിലെത്തും; വേണമെങ്കിൽ വിമാനത്താവളത്തിൽവച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്യൂ” എന്നാണ് ദീപ്കെയുടെ വെല്ലുവിളി.
അറസ്റ്റിന്റെയോ ജയിലിന്റെയോ ഭീഷണിക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ആശുതോഷ് റാങ്കയെ വിട്ടയക്കാത്ത സാഹചര്യത്തിലാണ് താൻ നേരിട്ട് അസമിലെത്തുന്നതെന്നും ദീപ്കെ വ്യക്തമാക്കി.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു ദീപ്കെയുടെ പ്രതികരണം. “ആശുവിനെ പൊലീസ് ഇതുവരെ വിട്ടയച്ചിട്ടില്ലാത്തതിനാൽ നാളെ രാവിലെ ഞാൻ അസമിലേക്കുള്ള വിമാനത്തിൽ പുറപ്പെടും. അറസ്റ്റിന്റെയോ ജയിലിന്റെയോ ഭീഷണിക്ക് മുന്നിൽ ഞങ്ങൾ വഴങ്ങില്ല. വേണമെങ്കിൽ നാളെ വിമാനത്താവളത്തിൽവച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്യാം,” ദീപ്കെ കുറിച്ചു.
നേരത്തെ, സംഘടനയുടെ സഹ-കൺവീനറായ ആശുതോഷ് റാങ്കയെയും അദ്ദേഹത്തിന്റെ നിരവധി അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ദീപ്കെ ആരോപിച്ചിരുന്നു. സന്നദ്ധ പ്രവർത്തകരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു പൊലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം മുമ്പാണ് റാങ്ക ഗുവാഹത്തിയിലെത്തിയത്. തുടർന്ന് സി.ജെ.പി പ്രവർത്തകരുമായും അനുഭാവികളുമായും കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ സംഘടനാ നേതാക്കളെ യോഗം നടത്തുന്നതിൽനിന്ന് പൊലീസ് തടഞ്ഞെന്നാണ് ദീപ്കെയുടെ ആരോപണം.
“അസം പൊലീസ് ആശുതോഷ് റാങ്കയെയും സി.ജെ.പിയുടെ ഒരു സംഘത്തെയും കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയാണ്. ആശുവും സംഘവും അസമിലെ സന്നദ്ധ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താനിരുന്നതാണ്,” ദീപ്കെ പറഞ്ഞു.
അതേസമയം, റാങ്കയുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സഞ്ചരിക്കുന്ന വാഹനത്തിൽ ഇരിക്കുന്നതായി കാണാം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ “അസമിലെ ജനങ്ങളെ ഭയപ്പെടുന്നതിനാലാണ്” തന്നെയും സി.ജെ.പി സന്നദ്ധ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതെന്ന് റാങ്ക വീഡിയോയിൽ ആരോപിക്കുന്നു.
അസമിലെ സ്കൂളുകളുടെ യഥാർഥ സ്ഥിതി പുറത്തുകൊണ്ടുവരാനാണ് തങ്ങളുടെ സംഘടന ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊലീസ് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച റാങ്ക, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭരണത്തെ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് നടപടിക്ക് പിന്നിലെന്നും ആരോപിച്ചു.
“ഇവിടത്തെ സ്കൂളുകളുടെ അവസ്ഥ ഞങ്ങൾ കാണിച്ചാൽ രാജ്യത്തിന് യാഥാർഥ്യം മനസ്സിലാകുമെന്നാണ് അവരുടെ ഭയം. കോർപ്പറേറ്റുകളുടെ നേട്ടത്തിനായി കാസിരംഗയിൽ ജനങ്ങളുടെ അവകാശങ്ങൾ എങ്ങനെ കവർന്നെടുക്കപ്പെടുന്നുവെന്ന് ആളുകൾ അറിയുമെന്നും അവർ ഭയപ്പെടുന്നു. എന്നാൽ ഞങ്ങൾ അവരെ ഭയപ്പെടുന്നില്ല,” റാങ്ക പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചതിലൂടെ ഭരണകക്ഷി നേട്ടമുണ്ടാക്കിയെന്നും റാങ്ക ആരോപിച്ചു.
