
പൂക്കളും മെഴുകുതിരി വെളിച്ചവും റൊമാന്റിക് ഡിന്നറും ഒന്നുമില്ല; സ്രാവുകൾ നീന്തുന്ന കൂറ്റൻ അക്വേറിയത്തിനുള്ളിൽ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി യുവാവ്. വെള്ളത്തിനടിയിലെ ഈ സാഹസിക പ്രണയ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബ്രിട്ടനിൽ നിന്നുള്ള ജെയിംസ് വാൽഷാണ് തന്റെ കാമുകി പൈജ് കുക്കിന് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാവുന്ന വ്യത്യസ്തമായ സർപ്രൈസ് ഒരുക്കിയത്. സ്രാവുകൾ നിറഞ്ഞ അക്വേറിയത്തിൽ സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെയായിരുന്നു ജെയിംസിന്റെ അപ്രതീക്ഷിത വിവാഹാഭ്യർത്ഥന.
സ്രാവുകളുടെ വലിയ ആരാധികയാണ് പൈജ്. അതുകൊണ്ടുതന്നെ സാധാരണ രീതികളിൽ നിന്ന് മാറി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അന്തരീക്ഷത്തിൽ വിവാഹാഭ്യർത്ഥന നടത്താൻ ജെയിംസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്കെഗ്നെസ് അക്വേറിയത്തിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തേ തന്നെ പദ്ധതി തയ്യാറാക്കി.
സെപ്റ്റംബർ 10ന് ഇരുവരും അക്വേറിയത്തിലെ കൂറ്റൻ ടാങ്കിൽ സ്കൂബ ഡൈവിംഗിനിറങ്ങി. ചുറ്റും സ്രാവുകൾ നീന്തുന്നതിനിടെ അക്വേറിയം ജീവനക്കാരുടെ സഹായത്തോടെ ജെയിംസ് ഒരു ബോർഡ് പുറത്തെടുത്തു. അതിൽ എഴുതിയിരുന്നത് ഒറ്റ ചോദ്യം— ‘നീ എന്നെ വിവാഹം കഴിക്കുമോ?’
അപ്രതീക്ഷിതമായി ബോർഡ് കണ്ട പൈജ് ആദ്യം അമ്പരന്നു. പിന്നാലെ വെള്ളത്തിനടിയിൽ തന്നെ ‘യെസ്’ എന്ന സിഗ്നൽ നൽകി ജെയിംസിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. തുടർന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ഈ മനോഹര നിമിഷങ്ങളെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തു.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നായാണ് പൈജ് ഈ അനുഭവത്തെ വിശേഷിപ്പിച്ചത്. സ്രാവുകൾക്കൊപ്പം നീന്തുന്നത് എപ്പോഴും ഇഷ്ടമായിരുന്നെങ്കിലും ജെയിംസ് വിവാഹാഭ്യർത്ഥന നടത്തിയ നിമിഷത്തിൽ ചുറ്റും സ്രാവുകൾ നീന്തുന്ന കാര്യം പോലും താൻ മറന്നുപോയെന്നാണ് പൈജ് പറഞ്ഞത്.
വ്യത്യസ്തമായ വിവാഹാഭ്യർത്ഥനയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലെത്തിയതോടെ ദമ്പതികളുടെ സാഹസിക പ്രണയകഥയും ശ്രദ്ധ നേടി. പരമ്പരാഗത പ്രണയാഭ്യർത്ഥനകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ജെയിംസിന്റെ സർപ്രൈസിനും പൈജിന്റെ പ്രതികരണത്തിനും നിരവധി പേരാണ് കൗതുകം പ്രകടിപ്പിക്കുന്നത്.
