കൊടുങ്ങല്ലൂർ: ഭൂമി കൈമാറ്റത്തെയും കരാർ വ്യവസ്ഥകളെയും ചൊല്ലിയുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിലെ കുട്ടികളുടെ പാർക്ക് നവീകരിച്ച് പ്രവർത്തനമാരംഭിച്ചു. കൂടുതൽ കളിയുപകരണങ്ങളും ആധുനിക റൈഡുകളും വിനോദസൗകര്യങ്ങളും ഉൾപ്പെടുത്തി സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ നവീകരിച്ച പാർക്കാണ് ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തത്. ഭൂമിയുടെ ഉടമസ്ഥാവകാശവും വരുമാനവിഹിതവും സംബന്ധിച്ച് കേരള മാരിടൈം ബോർഡും മുസിരിസ് പൈതൃകപദ്ധതിയും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് സർക്കാർതല ചർച്ചകളിലൂടെ പരിഹാരം കണ്ടതോടെയാണ് പാർക്കിന്റെ പ്രവർത്തനത്തിന് വഴിതെളിഞ്ഞത്.
മുസിരിസ് ബീച്ചിലേക്കുള്ള പ്രധാന പ്രവേശനകവാടത്തിന്റെ വടക്കുഭാഗത്തുള്ള കണ്ണായ സ്ഥലത്താണ് നവീകരിച്ച കുട്ടികളുടെ പാർക്ക് സ്ഥിതിചെയ്യുന്നത്. നേരത്തേ പ്രവർത്തിച്ചിരുന്ന പാർക്കും അതിനോടുചേർന്ന ഭൂമിയും ഉൾപ്പെടെ ഏകദേശം ഒരേക്കറോളം സ്ഥലമാണ് സ്വകാര്യ കമ്പനി വാടകയ്ക്കെടുത്ത് നവീകരിച്ചിരിക്കുന്നത്. തലശ്ശേരി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് പാർക്കിന്റെ നടത്തിപ്പുചുമതല. കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ വിനോദസാധ്യതകൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കളിയുപകരണങ്ങളും റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സന്ദർശകർക്ക് ഭക്ഷണസൗകര്യം ഒരുക്കുന്നതിനായി ഫുഡ്കോർട്ടും ക്രമീകരിച്ചിട്ടുണ്ട്. ബീച്ചിലെ നടപ്പാതയുടെ തെക്കുഭാഗത്ത് ഫുഡ്കോർട്ടിന്റെ ഭാഗമായി രണ്ട് ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
പാർക്കിന്റെ നടത്തിപ്പും വരുമാനവിതരണവും സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചാണ് പുതിയ കരാർ ധാരണയിലെത്തിയത്. ഇതനുസരിച്ച് പാർക്കിൽനിന്നുള്ള വരുമാനത്തിന്റെ 80 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും 20 ശതമാനം മുസിരിസ് പൈതൃകപദ്ധതിക്കുമാണ് ലഭിക്കുക.
ഓരോ 15 ദിവസം കൂടുമ്പോഴും പാർക്കിലെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം കണക്കാക്കി 15 ശതമാനം ജി.എസ്.ടി. കിഴിച്ചശേഷം നിശ്ചിത വിഹിതം സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് ധാരണ. മുസിരിസ് പൈതൃകപദ്ധതിക്ക് ലഭിക്കുന്ന വരുമാന വിഹിതത്തിൽനിന്ന് 10 ശതമാനം ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കേരള മാരിടൈം ബോർഡിന് നൽകും.
വരുമാനശേഖരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാർക്കിലേക്കുള്ള ടിക്കറ്റ് വിൽപ്പന മുസിരിസ് പൈതൃകപദ്ധതി നേരിട്ടാണ് നടത്തുക. ഇതിനായി ഇ-പോസ് മെഷീൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഫുഡ്കോർട്ട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്ക് പ്രത്യേക മാസ വാടകയ്ക്കാണ് മുസിരിസ് പൈതൃകപദ്ധതി കൈമാറിയിരിക്കുന്നത്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മുനയ്ക്കൽ മുസിരിസ് ബീച്ചിലെ തന്ത്രപ്രധാനമായ ഭൂമി സ്വകാര്യ കമ്പനികൾക്ക് കൈമാറിയതിനെച്ചൊല്ലിയാണ് നേരത്തേ വിവാദങ്ങൾ ഉയർന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബീച്ചിലെ ഏകദേശം മൂന്നേക്കറോളം സ്ഥലമാണ് വിവിധ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുന്നതിനായി മൂന്ന് സ്വകാര്യ കമ്പനികൾക്ക് പത്തു വർഷത്തേക്ക് വാടകയ്ക്ക് നൽകിയത്.
ആഡംബര താമസ സൗകര്യങ്ങളോടുകൂടിയ ബീച്ച് ഗ്ലാമ്പിംഗ്, ജലകായിക വിനോദങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. ബീച്ചിലെ വിനോദ സഞ്ചാരസാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുകയും സന്ദർശകർക്ക് പുതിയ അനുഭവങ്ങൾ ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് രൂപം നൽകിയത്.
എന്നാൽ, പദ്ധതികൾ നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ പ്രാധാന്യവും നിലവിലുള്ള പൊതുസൗകര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും പിന്നീട് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.
മുസിരിസ് പൈതൃകപദ്ധതി അടുത്ത കാലത്ത് ഏകദേശം നാലു കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ ബീച്ച് സൗന്ദര്യവത്കരണ പദ്ധതിയിലെ ചില നിർമിതികൾ സ്വകാര്യ കമ്പനി പൊളിച്ചു മാറ്റിയതാണ് വിവാദം രൂക്ഷമാക്കിയത്. പൊതുപണം ചെലവഴിച്ച് ഒരുക്കിയ സൗകര്യങ്ങൾ സ്വകാര്യ പദ്ധതികളുടെ ഭാഗമായി നീക്കം ചെയ്തതിനെതിരെ വിവിധ സാമൂഹിക സംഘടനകളും രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി.
ബീച്ചിലെ പൊതുസ്ഥലങ്ങളുടെ വിനിയോഗവും സ്വകാര്യ കമ്പനികൾക്ക് നൽകിയ കരാറുകളിലെ വ്യവസ്ഥകളും സംബന്ധിച്ച് ഇതോടെ ചോദ്യങ്ങൾ ഉയർന്നു. കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഭൂമിയുടെ ഉടമസ്ഥരായ കേരള മാരിടൈം ബോർഡ് മുസിരിസ് പൈതൃക പദ്ധതിക്ക് കർശന നിർദേശം നൽകുകയും ചെയ്തു.
മാരിടൈം ബോർഡിന്റെ ഇടപെടലും തുടർന്നുണ്ടായ വിവാദങ്ങളും പദ്ധതികളുടെ മുന്നോട്ടുപോക്കിനെ ബാധിച്ചു. ഇതോടെ ബീച്ച് ഗ്ലാമ്പിങ്, ജലകായിക വിനോദം തുടങ്ങിയ പദ്ധതികൾ ഏറ്റെടുത്തിരുന്ന മറ്റ് രണ്ട് കമ്പനികളും പദ്ധതികളിൽനിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ബീച്ചിൽ വിഭാവനം ചെയ്തിരുന്ന സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിനോദസഞ്ചാര വികസന പദ്ധതികൾ അനിശ്ചിതത്വത്തിലായി.
ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കേരള മാരിടൈം ബോർഡും ബീച്ചിന്റെ നടത്തിപ്പുചുമതലയുള്ള മുസിരിസ് പൈതൃകപദ്ധതിയും തമ്മിലുള്ള അധികാരപരിധിയും വരുമാനവിഹിതവും സംബന്ധിച്ച തർക്കങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന തടസ്സമായത്. തുടർന്ന് സർക്കാർതലത്തിൽ നടന്ന കൂടിയാലോചനകളിലൂടെയാണ് ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ പുതിയ ധാരണ രൂപപ്പെടുത്തിയത്.
പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി ലഭിച്ചതോടെ സ്വകാര്യ കമ്പനി നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പാർക്ക് തുറക്കുകയായിരുന്നു.
വിവാദങ്ങൾക്കൊടുവിൽ കുട്ടികളുടെ പാർക്ക് പ്രവർത്തനമാരംഭിച്ചത് മുസിരിസ് ബീച്ചിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. അതേസമയം, ബീച്ചിലെ പൊതുഭൂമിയുടെ വിനിയോഗവും സ്വകാര്യ കമ്പനികളുമായുള്ള കരാറുകളുടെ നടത്തിപ്പും വരുമാനവിതരണവും സംബന്ധിച്ച കാര്യങ്ങൾ തുടർന്നും ശ്രദ്ധാകേന്ദ്രമായി നിലനിൽക്കും. മറ്റ് രണ്ട് കമ്പനികൾ ഉപേക്ഷിച്ച പദ്ധതികളുടെ ഭാവി സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.
