സാഹിത്യവേദി ഡിസംബർ 4-ന്; നിർമ്മിത ബുദ്ധിയുടെ കാലത്ത് സാഹിത്യത്തിന്റെ പ്രസക്തിയും ഭാവിയും ചർച്ച ചെയ്യുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 4 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7:00 മണിക്ക്) സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990

Meeting ID: 814 7525 9178)

ഡിസംബർ മാസ സാഹിത്യവേദിയിൽ പ്രൊഫ. സുജാത സംക്രാന്തിയാണ് അവതാരക. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും പണ്ഡിതനുമായ ഡോ. ഗോദവർമ്മയുടെയും സാവിത്രിയുടെയും മകളായി മാവേലിക്കരയിൽ ജനിച്ചു. കേരളപാണിനി എന്നറിയപ്പെടുന്ന എ. ആർ. രാജരാജവർമ്മയുടെ കൊച്ചുമകൾ. ഡൽഹി സർവകലാശാലയിൽനിന്നും വിരമിച്ച പ്രൊഫസറായ സുജാത സംക്രാന്തി രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1998-ലെ മികച്ച ചെറുകഥയ്ക്കുള്ള പ്രശസ്തമായ കോമൺവെൽത്ത് പുരസ്‌കാരം അവർ നേടി. തുടർന്ന് ‘ദി വാർപ്പ് ആൻഡ് ദി വെഫ്റ്റ് ആൻഡ് അദർ സ്റ്റോറീസ്’ എന്ന പേരിൽ ആദ്യ ചെറുകഥാസമാഹാരം 2001-ൽ പ്രസിദ്ധീകരിച്ചു. 2011-ൽ ‘ഇൻ ദി ഷാഡോ ഓഫ് ലെജൻഡ്‌സ്’ എന്ന ആദ്യ നോവലും പ്രസിദ്ധപ്പെടുത്തി. പല ചെറുകഥകളും ഇന്ത്യയിലും വിദേശത്തുമുള്ള ആന്തോളജികളിൽ ഇടം പിടിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി – ചാറ്റ് ജി.പി.ടി തുടങ്ങിയ സാങ്കേതിക വിദ്യകൾ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്വാധീനിച്ചുകൊണ്ടും ആക്രമിച്ചു കൊണ്ടും ഇരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. കവിതകൾ, കഥകൾ, നോവലുകൾ, ചിത്രങ്ങൾ ഇവയൊക്കെ ചടക്കാൻ നിഷ്പ്രയാസം നിമിഷങ്ങൾക്കുള്ളിൽ നിർമ്മിതബുദ്ധിക്ക് സാധിക്കുന്നുണ്ട്. ഇത് മനുഷ്യന്റെ ക്രീയേറ്റീവിറ്റിയുടേയും ഭാവനകളുടെയും അതിരുകൾ അനുനിമിഷം മാറ്റിക്കൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ ഒരു നിർണായക പ്രശ്നം ഉയരുന്നു. ഭാഷയുടെ ശൈലികൾ അനുകരിക്കാനും മെച്ചപ്പെടുത്താനും നിർമ്മിത ബുദ്ധിക്ക് ഒരു പക്ഷേ സാധിച്ചേക്കാം. എന്നാൽ സാഹിത്യത്തിന് അനശ്വരമായ പ്രസക്തി നൽകുന്ന ജീവിതാനുഭവങ്ങളും മനുഷ്യവികാരങ്ങളുടെ ആഴവും വ്യാപ്തിയും എ ഐ ക്ക് പകർത്താൻ സാധിക്കുമോ? ഇംഗ്ലീഷ്, മലയാളം, ഹിന്ദി മുതലായ വിവിധ ഭാഷകളിൽ എഴുതിയിട്ടുള്ള നിത്യഹരിതമായ ക്ലാസിക്കുകൾ നിർമിതബുദ്ധിക്ക് രചിക്കാൻ കഴിയുമോ? എഴുത്തുകാരേയും വായനക്കാരേയും വിമർശകരേയും വിഷമിപ്പിക്കുന്ന ഈ സങ്കീർണ്ണമായ ചോദ്യങ്ങൾ സാഹിത്യവേദി അംഗങ്ങളോടൊപ്പം ചർച്ച ചെയ്യുന്നതാണ്.

നവംബർ മാസ സാഹിത്യവേദിയിൽ ജ്ഞാനപീഠം പുരസ്‌കാര ജേതാവും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാളകവിതയിൽ ആധുനികതയുടെ വിത്ത് പാകുകയും ചെയ്ത മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെപ്പറ്റിയുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ മകനും പ്രശസ്ത ചിത്രകാരനുമായ വാസുദേവൻ അക്കിത്തം സാഹിത്യവേദി അംഗങ്ങളോടൊത്തു പങ്കു വച്ചു. മഹാകവി അക്കിത്തത്തിന്റെ മറ്റു കുടുംബാംഗങ്ങളും ഈ കൂട്ടായ്മയിൽ പങ്കെടുത്ത്‌ ഓർമ്മകൾ അയവിറക്കുകയും കവിതകൾ ആലപിക്കുകയും ചെയ്തു. മഹാകവിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം ഇത്തരത്തിൽ ഒരു സ്മരണാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞതിൽ സാഹിത്യവേദി അംഗങ്ങൾ മഹാകവിയുടെ കുടുംബത്തോടുള്ള ആദരവും നന്ദിയും പ്രകാശിപ്പിച്ചു.

എല്ലാ സാഹിത്യ സ്നേഹികളേയും ഡിസംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫ. സുജാത സംക്രാന്തി +91 77 103 83866, പ്രസന്നൻ പിള്ള 630 935 2990, ജോൺ ഇലക്കാട് 773 282 4955

Leave a Comment

More News