ബെംഗളൂരുവിൽ മലയാളി നഴ്സിന്റെ കൊലപാതകം: ബന്ധത്തിലെ സംശയവും തർക്കവും കൊലയിലേക്ക് നയിച്ചതായി പൊലീസ്; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗ (22) കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിയുടെ ആൺസുഹൃത്തായ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയുടെ (23) സംശയവും ഇരുവരും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ അറസ്റ്റിലായ ഗോകുൽ കൃഷ്ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഗംഗ തന്നെ മനഃപൂർവം അവഗണിക്കുകയാണെന്നും മറ്റാരെങ്കിലുമായി അടുപ്പമുണ്ടോയെന്നും ഗോകുൽ കൃഷ്ണ സംശയിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഗംഗയെ ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും എൻഗേജ്ഡ് ആയി കാണിച്ചിരുന്നത് ഇയാളുടെ സംശയം വർധിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഗംഗയുടെ മൊബൈൽ ഫോണിലേക്ക് മറ്റൊരു കോൾ വന്നതും തർക്കത്തിന് കാരണമായി.

ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പിറ്റേ ദിവസം രാവിലെയും തർക്കം തുടർന്നതോടെ ഗോകുൽ കൃഷ്ണ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബെംഗളൂരു കോട്ടൺപേട്ടിലെ ഒ.ടി.സി റോഡിൽ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപം പ്രവർത്തിക്കുന്ന റീജൻസി ഇൻ ലോഡ്ജിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ ഉടൻതന്നെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ കത്തിയുമായി ലോഡ്ജിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഗോകുൽ കൃഷ്ണയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ തടഞ്ഞു വെച്ച് പോലീസിന്‌ കൈമാറി.

ബെംഗളൂരുവിലെ നെലമംഗലയിലുള്ള ഹർഷ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന കാലത്താണ് ഗംഗയും ഗോകുൽ കൃഷ്ണയും പരിചയപ്പെടുന്നത്. കോളേജിൽ ഗംഗയുടെ സീനിയർ വിദ്യാർത്ഥിയായിരുന്നു ഗോകുൽ. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയബന്ധമായി വളരുകയായിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചു വരികയായിരുന്നു. അതേസമയം, നഴ്സിംഗ് പഠനത്തിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭ്യമാക്കുന്നതിനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി തരപ്പെടുത്തുന്നതിനുമുള്ള ഇടനിലക്കാരനായി ഗോകുൽ കൃഷ്ണ പ്രവർത്തിച്ചിരുന്നതായാണ് വിവരം.

കൊലപാതകത്തിന് മുമ്പ് ലോഡ്ജിന് സമീപത്തെ റോഡരികിൽ വെച്ചും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ നേരത്തേതന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ അതോ തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണോ ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലോഡ്ജിലേക്ക് എത്തുമ്പോൾ തന്നെ ഗോകുൽ കൃഷ്ണ കത്തി കൈവശം കരുതിയിരുന്നോ എന്നതും അന്വേഷണത്തിൽ നിർണായകമാണ്.

ഗോകുൽ കൃഷ്ണയുടെ മൊഴിയും ലോഡ്ജ് ജീവനക്കാരുടെയും പ്രദേശവാസികളുടെയും മൊഴികളും പരിശോധിച്ച് സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിനുശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നാണ് നിലവിലെ സ്ഥിതി.

നഴ്സിംഗ് പഠനം പൂർത്തിയാക്കി പുതിയൊരു ജീവിതം സ്വപ്നം കണ്ടിരുന്ന യുവതിയുടെ ദാരുണാന്ത്യം ബെംഗളൂരുവിലെ മലയാളി സമൂഹത്തെയും ജന്മനാടായ അടൂരിനെയും നടുക്കിയിരിക്കുകയാണ്.

Leave a Comment

More News