ഡോ. സി. ടി. ഫ്രാൻസിസിന് കെ.എച്ച്.എൻ.എയുടെ പ്രഥമ സനാതന ധർമ സാഹിത്യ ഗുരുശ്രേഷ്ഠ പുരസ്കാരം

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സ്വാമി ചിദാനന്ദപുരി സമർപ്പിച്ചു

ആലപ്പുഴ: സനാതനധർമ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) ഏർപ്പെടുത്തിയ പ്രഥമ സനാതനധർമ സാഹിത്യ ഗുരുശ്രേഷ്ഠ പുരസ്കാരം പ്രമുഖ പണ്ഡിതനും അധ്യാപകനുമായ ഡോ. സി. ടി. ഫ്രാൻസിസിന് സമ്മാനിച്ചു. ആലപ്പുഴയിൽ നടന്ന കെ.എച്ച്.എൻ.എ കേരള കൺവെൻഷനിൽ സ്വാമി ചിദാനന്ദപുരിയാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമർപ്പിച്ചത്.

ഭാരതീയ സനാതന സാഹിത്യത്തിലുള്ള അഗാധമായ പാണ്ഡിത്യം, സംസ്കൃത ഭാഷയിലുള്ള പ്രാവീണ്യം, നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന അധ്യാപന പ്രവർത്തനങ്ങൾ, സനാതനധർമ സാഹിത്യത്തിന്റെ പഠനത്തിനും പ്രചാരണത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഡോ. ഫ്രാൻസിസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

കെ.എച്ച്.എൻ.എയുടെ ആധ്യാത്മിക സമിതിയിലൂടെ സനാതനധർമ സാഹിത്യഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ദാർശനിക ആശയങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഡോ. ഫ്രാൻസിസ്, ഭാരതീയ വിജ്ഞാനപാരമ്പര്യം പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിലും സജീവമായി പ്രവർത്തിച്ചുവരുന്നു.

സനാതനധർമ സാഹിത്യത്തിന്റെ പഠനത്തിനും പ്രചാരണത്തിനുമായി ജീവിതം സമർപ്പിച്ച ആചാര്യന്മാരെ ആദരിക്കുന്നതിനാണ് കെ.എച്ച്.എൻ.എ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. തുടർന്നും രണ്ടുവർഷത്തിലൊരിക്കൽ കേരളത്തിൽ നടക്കുന്ന കെ.എച്ച്.എൻ.എ കേരള കൺവെൻഷനിൽ അർഹനായ ആചാര്യനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകി ആദരിക്കും.

ശാന്ത–ഗോപിനാഥ പിള്ള കുടുംബമാണ് പുരസ്കാരത്തിനാവശ്യമായ തുക സംഭാവനയായി നൽകിയത്. വരുംവർഷങ്ങളിലും പുരസ്കാരം മുടങ്ങാതെ നൽകുന്നതിനുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുള്ള നടപടികളും കുടുംബം സ്വീകരിച്ചുവരുന്നു. സനാതനധർമ സാഹിത്യപഠനത്തിനും ആചാര്യപരമ്പരയുടെ ആദരവിനുമായി കുടുംബം നൽകുന്ന ഈ പിന്തുണ കെ.എച്ച്.എൻ.എയുടെ സാംസ്കാരിക, ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ്.

കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച പുരസ്കാര സമർപ്പണച്ചടങ്ങിൽ ഡോ. എം. ജി. ശശിഭൂഷൺ, അഭിഭാഷകനും പ്രഭാഷകനും അവതാരകനും എഡിറ്ററുമായ അഡ്വ. എ. ജയശങ്കർ, ആശാ മേനോൻ, ഡോ. ജെ. പ്രമീളാ ദേവി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

മലയാള സാഹിത്യത്തിലെ സർഗാത്മക സംഭാവനകളെ ആദരിക്കുന്ന ആർഷദർശന പുരസ്കാരവും സനാതനധർമ സാഹിത്യരംഗത്തെ പാണ്ഡിത്യത്തെയും അധ്യാപന മികവിനെയും അംഗീകരിക്കുന്ന ഗുരുശ്രേഷ്ഠ പുരസ്കാരവും ഒരേ വേദിയിൽ സമ്മാനിച്ചത് കേരള കൺവെൻഷന്റെ സാംസ്കാരിക പ്രാധാന്യം വർധിപ്പിച്ചു.

സാഹിത്യവും ദാർശനിക ചിന്തയും ആത്മീയ വിജ്ഞാനവും സമൂഹത്തിന്റെ മൂല്യബോധം രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് ഉയർത്തിക്കാട്ടിയ ചടങ്ങ്, അറിവിനെയും ആചാര്യ പരമ്പരയെയും ഭാരതീയ സാംസ്കാരിക പൈതൃകത്തെയും ആദരിക്കുന്ന കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങളിൽ പുതിയൊരു അധ്യായമായി മാറി.

Leave a Comment

More News