കൊല്ലം: പുനലൂരിൽ പോക്സോ കേസിൽ പ്രതിയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ സ്വദേശി അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. പുനലൂർ മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന ഭാഗത്താണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായിരുന്നു അഖിൽ. കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ബെംഗളൂരുവിലേക്ക് ജോലിക്കായി പോയിരുന്നു. മണിയാർ സ്വദേശി രത്നാകരന്റെ മകൾ ബെംഗളൂരുവിൽ നടത്തുന്ന മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്.
ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്നതിനിടെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് അഖിൽ നാട്ടിലെത്തിയത്. ഇതിനിടെയാണ് രത്നാകരന്റെ വീടിനോട് ചേർന്ന ഭാഗത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. പോക്സോ കേസുമായി മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. സംഭവത്തിന്റെ പശ്ചാത്തലവും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് പുനലൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് സംസ്കാരം നടത്തി. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.
