പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് മിന്നലേറ്റ് യുവ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. https://www.malayalamdailynews.com/785495/ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ടിലേക്ക് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ റാഫി മരിക്കുകയും ബോട്ടിലുണ്ടായിരുന്ന മറ്റു മൂന്ന് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്റഫ് എന്നിവർ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വരെ പൊന്നാനിയിലും സമീപ തീരപ്രദേശങ്ങളിലും മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥയ്ക്കിടെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളുടെ ബോട്ടിന് മിന്നലേൽക്കുകയായിരുന്നു.
