തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തലസ്ഥാന നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തമ്പാനൂർ, വഞ്ചിയൂർ, കിഴക്കേക്കോട്ട തുടങ്ങിയ പ്രധാന മേഖലകളിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. പലയിടങ്ങളിലും വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.
തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലായി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. വഞ്ചിയൂർ കോടതിക്ക് മുന്നിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
തമ്പാനൂർ, കിഴക്കേക്കോട്ട മേഖലകളിൽ വെറും അര മണിക്കൂറിനുള്ളിൽ 68 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടായി.
അതേസമയം, തലസ്ഥാനത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ നഗരസഭ പൂർണപരാജയമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ജനപങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ്, നഗരസഭ, ദേശീയപാത വിഭാഗം എന്നിവയുടെ അധീനതയിലുള്ള ഓടകളും നീർച്ചാലുകളും നഗരത്തിലുണ്ട്. ഇവയിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കം ചെയ്ത് മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
എന്നാൽ, മഴ ശക്തമായാൽ നഗരത്തിൽ ഉണ്ടാകാനിടയുള്ള വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയെന്നാണ് ശിവൻകുട്ടിയുടെ വിമർശനം. ഇത്തവണ മഴക്കാലത്തെ നേരിടുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
