ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് രാജ്യത്തേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സംഘർഷഭരിതമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങളും തീവെപ്പ് സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നവംബർ 27, 28 തീയതികളിൽ രാജ്യവ്യാപക ലോക്ക്ഡൗണിന് ആഹ്വാനം ചെയ്തു.
ഷെയ്ഖ് ഹസീനയ്ക്കും മറ്റു പാർട്ടി നേതാക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങളാണ് അവാമി ലീഗ് സർക്കാരിനു മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. അതിനിടെ, രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ ഷഫീഖുർ റഹ്മാൻ ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഷെയ്ഖ് ഹസീനയ്ക്കും പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും രാഷ്ട്രീയപ്രേരിതമെന്ന് പാർട്ടി വിശേഷിപ്പിക്കുന്ന നിയമനടപടികൾ അവസാനിപ്പിക്കണമെന്നും അവാമി ലീഗ് ആവശ്യപ്പെട്ടു. പാർട്ടിയുടെ പ്രവർത്തനങ്ങൾക്കേർപ്പെടുത്തിയ നിരോധനം നീക്കി ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, അവർക്കെതിരായ കേസുകൾ പിൻവലിക്കുക, വർധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുക, വൈദ്യുതി, പാചകവാതകം, കുടിവെള്ളം, ഇന്ധനം, വളം തുടങ്ങിയ അവശ്യസേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും പാർട്ടി മുന്നോട്ടുവച്ചിട്ടുണ്ട്.
അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഉപജീവനമാർഗം ഉറപ്പാക്കണമെന്നും കൊലപാതകം, ബലാത്സംഗം, കവർച്ച, കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക, മാധ്യമപ്രവർത്തകർ, സൈനിക ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വ്യാജമായി രജിസ്റ്റർ ചെയ്തതെന്ന് പാർട്ടി ആരോപിക്കുന്ന കേസുകൾ പിൻവലിക്കുക, ഭീകരവാദത്തിനും മതതീവ്രവാദത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയും അവാമി ലീഗിന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച വിവിധ പ്രദേശങ്ങളിൽ അവാമി ലീഗ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. ബുധനാഴ്ച മുതൽ പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിന്റെ ദേശീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഡിസംബർ 16നാണ് ഷെയ്ഖ് ഹസീന രാജ്യത്തേക്ക് തിരിച്ചെത്താൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ വിജയസ്മരണ പുതുക്കുന്ന ദിനമാണ് ഡിസംബർ 16.
1971 മാർച്ച് 26ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും ഒമ്പത് മാസം നീണ്ടുനിന്ന വിമോചന യുദ്ധത്തിനൊടുവിൽ ഡിസംബർ 16നാണ് പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യവും ബംഗ്ലാദേശിന്റെ മുക്തിബാഹിനിയും ഉൾപ്പെട്ട സംയുക്തസേനയ്ക്കു മുന്നിൽ കീഴടങ്ങിയത്. ഇതോടെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം യാഥാർഥ്യമായി. ഈ ചരിത്രസംഭവത്തിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും ഡിസംബർ 16 വിജയദിനമായി ആചരിക്കുന്നത്. ബംഗ്ലാദേശിന്റെ സ്ഥാപക നേതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകൾ കൂടിയായ ഷെയ്ഖ് ഹസീന തിരിച്ചുവരവിനായി ചരിത്രപരവും വൈകാരികവുമായ പ്രാധാന്യമുള്ള ഈ ദിനം തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
