കെ-റെയിലിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

കണ്ണൂര്‍: സംസ്ഥാനത്ത് കെ-റെയില്‍ അനിവാര്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. കെ-റെയിൽ പ്രകൃതി സംരക്ഷണ പദ്ധതിയാണ്. എന്നാൽ, ചെറിയൊരു വിഭാഗം ഇതിനെ എതിർക്കുകയാണെന്നും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര ഘടകം മുതൽ താഴെത്തട്ടുവരെ ഏകാഭിപ്രായമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേന്ദ്ര സർക്കാരിൽ വർഗീയ-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ പ്രവണതയുണ്ടെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരെല്ലാം യോജിക്കുമോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടി കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ആശയം. അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്താൻ വേണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും.

ത്രിപുരയിലും ബംഗാളിലും വലിയ തിരിച്ചടി നേരിട്ടു. മറ്റ് സംസ്ഥാനങ്ങളിലും അപചയം ഉണ്ട്. കേരളത്തിൽ തിരിച്ച് വന്നതുപോലെ അഖിലേന്ത്യാതലത്തിലും തിരിച്ചുവരാൻ വേണ്ട സാഹചര്യം ഉണ്ടാക്കാനുള്ള സമീപനങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെയും വർഗീയതയെയും എതിർക്കുന്ന ഏത് പാർട്ടിക്കൊപ്പവും നിൽക്കാൻ പാർട്ടി തയ്യാറാണ്. എന്നാൽ, ബിജെപിക്കെതിരെ കോൺഗ്രസ് ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്നും രാമചന്ദ്രൻ പിള്ള ആരോപിച്ചു. അതേസമയം, 75 വയസ്സിനു മുകളിലുള്ളവർ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് (22.03.2022) രാവിലെ സ്വാഗതസംഘം ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.സന്തോഷ് കുമാർ, എൻ. സുകന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News