പല സംശയങ്ങളും ബാക്കി; റിഫയുടെ മൃതദേഹം ഇന്ന് (ശനിയാഴ്ച) പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുക്കും

കാക്കൂർ (കോഴിക്കോട്): ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ദുബായിലെ ജാഫിലിയയിലുള്ള ഫ്ലാറ്റില്‍ മാർച്ച് ഒന്നിന് രാവിലെയാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വഭാവികതയില്ലന്ന ദുബായ് പോലീസിന്റെ നിഗമനത്തെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുകയായിരുന്നു. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്.

പുറത്തെടുക്കുന്ന മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തും. തുടർന്ന് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും. സാമ്പിളുകൾ ശേഖരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തുന്നത്. റിഫയുടെ മരണത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞയാഴ്ച പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റിഫയുടെ ഭർത്താവ് മെഹനാസിനെതിരെ കേസെടുത്തിട്ടുണ്ട്.

താമരശ്ശേരി ഡിവൈഎസ്പി ടി കെ അഷറഫാണ് കേസ് അന്വേഷിക്കുന്നത്. ദുബായിലെ ഫോറൻസിക് പരിശോധന പോസ്റ്റ്‌മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്ന് കുടുംബം പറഞ്ഞു. ഈ സാഹചര്യത്തിലാണ് വീട്ടുകാരുടെ ആവശ്യം പരിഗണിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ പോലീസ് തീരുമാനിച്ചത്. ആർഡിഒയുടെ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചു.

Leave a Comment

More News