പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് ലക്ഷണങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായതായി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് -19 ലക്ഷണങ്ങള്‍ “ഏതാണ്ട് പൂർണ്ണമായും” ഇല്ലാതായതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വൈറ്റ് ഹൗസ് ഡോക്ടർ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 79 കാരനായ പ്രസിഡന്റ് വൈറസിന് ചികിത്സ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയ ശേഷം വൈറ്റ് ഹൗസിൽ ക്വാറന്റൈനില്‍ കഴിഞ്ഞ ബൈഡൻ, മൈക്രോചിപ്പുകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

“അദ്ദേഹത്തിന്റെ കോവിഡ് ലക്ഷണങ്ങൾ ഇപ്പോൾ പൂർണ്ണമായും പരിഹരിച്ചിരിക്കുന്നു,” ബൈഡന്റെ ഫിസിഷ്യൻ കെവിൻ ഒ’കോണർ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ പറഞ്ഞു.

ബൈഡന്റെ ശ്വാസകോശം ശരിയായതായും നാഡിമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക് എന്നിവയെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടർ പറഞ്ഞു.

“പ്രസിഡന്റ് ആൻറിവൈറൽ തെറാപ്പിറ്റിക് പാക്‌സ്‌ലോവിഡ് കഴിക്കുന്നത് തുടരുന്നുണ്ട്, ശ്വാസതടസ്സം അനുഭവപ്പെടുന്നില്ല,” മെമ്മോറാണ്ടത്തിൽ പറയുന്നു.

യുഎസ് പ്രസിഡൻസിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്‍. എന്നാൽ, അദ്ദേഹം പൊതുവെ നല്ല ആരോഗ്യവാനാണെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ പറയുന്നത്. അദ്ദേഹം പൂർണ്ണമായും വാക്സിനേഷൻ എടുക്കുകയും വൈറസിനെതിരെ രണ്ട് ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News