ചാർളി കിർക്കിന്റെ കൊലപാതകം: അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു; കൊലയാളിക്ക് വധശിക്ഷ ലഭിക്കുമെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സഹായിയും യാഥാസ്ഥിതിക പ്രവർത്തകനുമായ ചാർളി കിർക്കിനെ യൂട്ടായിലെ ഒരു കോളേജ് പരിപാടിയിൽ വെടി വെച്ച് കൊലപ്പെടുത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ട്രംപ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട ഒരാളുടെ ഫോട്ടോകൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പുറത്തുവിട്ടിരുന്നു. അതിൽ ബേസ്ബോൾ തൊപ്പിയും സൺഗ്ലാസും ധരിച്ച ഒരു യുവാവ് കെട്ടിടത്തിലൂടെ നടക്കുന്നത് കാണാം.

വലതുപക്ഷ പ്രവർത്തകൻ ചാർളി കിർക്കിന്റെ കൊലപാതകത്തിലെ അക്രമിയെ വൻതോതിലുള്ള തിരച്ചിലിനുശേഷം കസ്റ്റഡിയിലെടുത്തതായി ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. തന്നോട് വളരെ അടുപ്പമുള്ള ഒരാളാണ് അയാളെ പിടികൂടിയതെന്ന് ഒരു ടിവി ചാനൽ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

ചാർളി കിർക്കിന്റെ അനുയായികളോട് സമാധാനം നിലനിർത്താൻ ട്രംപ് അഭ്യർത്ഥിച്ചു. കിർക്ക് സമാധാനത്തിന്റെ വക്താവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചാർളി കിർക്കിനെ ഒരു യഥാർത്ഥ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകുമെന്ന് പറഞ്ഞു.

ചാർളി കിർക്കിനെ കൊന്നയാൾക്ക് വധശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വലതുപക്ഷ പ്രവർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ദി അമേരിക്കൻ കംബാക്ക് ടൂർ പ്രോഗ്രാമിനായാണ് ചാർളി ഇവിടെ എത്തിയത്.

ചാർളി വേദിയിൽ നിന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് വെടിയുണ്ട അദ്ദേഹത്തിന്റെ കഴുത്തിൽ തറച്ചതും ഉടന്‍ നിലത്തു വീണതും. ട്രംപിന്റെ കടുത്ത പിന്തുണക്കാരനായി ചാർളി കണക്കാക്കപ്പെട്ടിരുന്നു.

Leave a Comment

More News