ഡാളസ്: അമേരിക്കയിൽ ലെറ്റൂസിൽ നിന്ന് സൈക്ലോസ്പോറയും മുട്ടയിൽ നിന്ന് സാൽമൊണെല്ലയും പടർന്ന് ഭക്ഷ്യവിഷബാധ ആശങ്ക ഉയർത്തുന്നു. ആയിരക്കണക്കിന് ആളുകളെ ബാധിച്ച ഈ രണ്ട് അണുബാധകളും ലക്ഷണങ്ങളിലും ശരീരത്തെ ബാധിക്കുന്ന രീതിയിലും വ്യത്യസ്തമാണ്. രോഗവ്യാപനത്തിന്റെ ഉറവിടം ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ലെറ്റൂസ്, മുട്ട എന്നിവയിൽ നിന്ന് പടരുന്ന രണ്ട് ശക്തമായ ഭക്ഷ്യവിഷബാധകൾ വലിയതോതിൽ ആരോഗ്യ ആശങ്ക ഉയർത്തുന്നു. സൈക്ലോസ്പോറ (Cyclospora), സാൽമൊണെല്ല (Salmonella) എന്നീ അണുബാധകളാണ് രാജ്യത്താകമാനം വേഗത്തിൽ പടർന്നു പിടിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്തു.
രണ്ട് അണുബാധകളും വയറിളക്കവും വയറുവേദനയും ഉണ്ടാക്കുമെങ്കിലും, ഇവയുടെ ലക്ഷണങ്ങളും ശരീരത്തെ ബാധിക്കുന്ന രീതിയും വ്യത്യസ്തമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
വേഗത്തിൽ സാൽമൊണെല്ല; ‘സ്ലോ ബേൺ’ ആയി സൈക്ലോസ്പോറ
മലിനമായ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം സാൽമൊണെല്ല ലക്ഷണങ്ങൾ കാണിക്കും.
എന്നാൽ, സൈക്ലോസ്പോറ വളരെ സാവധാനത്തിലാണ് പ്രകടമാകുക. അരിഞ്ഞ ഇലക്കറികളിലും ലെറ്റസിലുമാണ് ഈ പരാന്നഭോജി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ കാണാൻ ഒരാഴ്ചയോളം സമയമെടുക്കും. ജലമയമായ വയറിളക്കം, അമിത തളർച്ച, വിശപ്പില്ലായ്മ, ശരീരഭാരം പെട്ടെന്ന് കുറയൽ എന്നിവയാണ് ലക്ഷണങ്ങൾ. സാൽമൊണെല്ല കോഴിമുട്ടകളിൽ നിന്നാണ് പ്രധാനമായും പടരുന്നത്. ഭക്ഷണം കഴിച്ച് 6 മണിക്കൂർ മുതൽ 6 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത വയറുവേദന, രക്തമടങ്ങിയ വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
‘ടെയ്‌ലർ ഫാംസ്’ വിതരണം ചെയ്തതും പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ടാക്കോ ബെൽ’ ഔട്ട്‌ലെറ്റുകളിൽ ഉപയോഗിച്ചതുമായ അരിഞ്ഞ ലെറ്റസിൽ നിന്നാണ് സൈക്ലോസ്പോറ പടർന്നതെന്ന് ആരോഗ്യ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി.
ടെക്സസിലെ ‘മിഡ്‌വെസ്റ്റ് പൗൾട്രി സർവീസസ്’ ഉൽപ്പാദിപ്പിച്ച വിപണിയിലെത്തിയ മുട്ടകളിൽ നിന്നാണ് സാൽമൊണെല്ല ബാക്ടീരിയ പടർന്ന് പിടിച്ചത്.
അമേരിക്കൻ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് മെയ് 1 മുതൽ രാജ്യത്തെ 41 സംസ്ഥാനങ്ങളിലായി 4,100 -ലധികം ആളുകൾക്ക് സൈക്ലോസ്പോറ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിപണിയിൽ വിതരണം ചെയ്ത മുട്ടകളിലൂടെ 17 സംസ്ഥാനങ്ങളിലായി 98 പേർക്ക് സാൽമൊണെല്ല അണുബാധയും സ്ഥിരീകരിച്ചു.
വെറും വെള്ളത്തിൽ കഴുകുന്നത് കൊണ്ട് ലെറ്റസിലെ സൈക്ലോസ്പോറ പരാന്നഭോജികളെ പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് യുഎസ് ഫെഡറൽ ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇലകളുടെ മടക്കുകളിലും അരിഞ്ഞ ഭാഗങ്ങളിലും ഇവ ഉറച്ചുനിൽക്കുന്നതാണ് ഇതിന് കാരണം.
കമ്പനികൾ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും ലക്ഷണങ്ങൾ തുടർച്ചയായി കണ്ടാൽ വൈദ്യസഹായം തേടാനും അധികൃതർ നിർദ്ദേശിച്ചു.
