സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: ഓൺലൈൻ സംവിധാനങ്ങൾ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി ഹിരാൽ ബെൻ അനുജ് പട്ടേലിനെ (37) പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശിയായ ഹാക്കർ ജോയൽ വി ജോസിന്റെ അടുത്ത സുഹൃത്താണ് ബെന്‍ അനുജ് പട്ടേല്‍. ഒക്ടോബർ 31 ന് ജോയലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനുജ് പട്ടേലിനെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റുള്ളവരുടെ മൊബൈൽ നമ്പറുകളുടെയും കോൾ ഡാറ്റ റെക്കോർഡുകളുടെയും തത്സമയ ലൊക്കേഷൻ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിച്ച് പ്രതികള്‍ ബ്ലാക്ക് മെയിലിംഗിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

More News