ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4ന്; കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 4ന് നടക്കും. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്.

കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ഭക്തസംഗമം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. മീഡിയ കോ-ഓര്‍ഡിനേറ്റർ അജിത്ത് പിഷാരത്ത്, തിരു ഉത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

പൊങ്കാലയുടെ വരവ് അറിയിച്ച് നിലവറ ദീപം തെളിയിക്കൽ, വിളംബര ഘോഷയാത്ര എന്നിവ 30 ന് നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

ചക്കുളത്തുകാവിൽ നടന്ന പൊങ്കാല അവലോകന യോഗത്തില്‍ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

എടത്വാ, തിരുവല്ല ഡിപ്പോയ്ക്ക് പുറമേ നീരേറ്റുപുറം പാലത്തിന് കിഴക്കേ കരയിലും തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മൈതാനത്തും പൊങ്കാല തലേന്നു മുതൽ താത്ക്കാലിക ഡിപ്പോയുടെ പ്രവർത്തനം സജ്ജമാക്കും. തീർത്ഥാടന ടൂറിസത്തിൻ്റെ ഭാഗമായി ചക്കുളത്തുകാവിൽ നിന്ന് വിവിധ ഡിപ്പോയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

പൊങ്കാല ദിനത്തിൽ നിർദ്ദിഷ്ട സ്ഥലങ്ങളിലെ മദ്യ ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടുന്നതിന് പിന്നാലെ അനധികൃത മദ്യ വിൽപ്പനയ്ക്കെതിരെ സമഗ്ര അന്വഷണം നടത്തണമെന്ന് ക്ഷേത്ര ഭാരവാഹികൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു.

ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അവലോകന യോഗം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘടനം ചെയ്തു. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ്, എടത്വാ സിഐ എം. അൻവർ, തകഴി ഫയർഫോഴ്സ് ഓഫീസർ ജയകുമാർ സി.ആർ, ജല അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ വത്സലകുമാരി ബി., തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ, വൈസ് പ്രസിഡൻ്റ് ജോജി എബ്രഹാം, കെഎസ്ഇബി എടത്വാ അസി. എൻജിനിയർ പ്രേംലാൽ കെ., ഹരിപ്പാട് ഡിപ്പോ എറ്റിഒ ദിലീപ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ബിനുമോൻ പി., ആരോഗ്യ പ്രവർത്തകൻ റെജി, മീഡിയ കോ-ഓര്‍ഡിനേറ്റർ അജിത് പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News