സുഹൃത്തിനെ വിശ്വസിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി; എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ അക്കൗണ്ട് ഉപയോഗിച്ച് 7 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തി

ബംഗളൂരു: രണ്ട് ദിവസത്തിനുള്ളിൽ തന്റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 7 കോടി രൂപയുടെ ക്രയവിക്രയങ്ങള്‍ നടന്നതായി ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് നോർത്ത് ബെംഗളൂരുവിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി വാസ്തവത്തില്‍ ഞെട്ടിപ്പോയി!

കഴിഞ്ഞ നവംബറിൽ വിദ്യാർത്ഥിയുടെ സുഹൃത്തായ ആയുഷ് തന്റെ കർണാടക ഗ്രാമീൺ ബാങ്ക് അക്കൗണ്ട് താൽക്കാലികമായി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. തന്റെ സ്വന്തം അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്നും ഹ്രസ്വകാല ഇടപാടുകൾക്ക് സഹായം ആവശ്യമാണെന്നും ആയുഷ് പറഞ്ഞതായി വിദ്യാര്‍ത്ഥി പറയുന്നു.

സുഹൃത്തിനെ വിശ്വസിച്ച് വിദ്യാർത്ഥി തന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് ക്രെഡൻഷ്യലുകൾ, ഇടപാട് അലേർട്ടുകളുമായി ലിങ്ക് ചെയ്ത എയർടെൽ സിം കാർഡ് എന്നിവ കൈമാറി. രേഖകൾ തപാൽ വഴിയാണ് അയച്ചതെന്നും പിന്നീട് വാട്ട്‌സ്ആപ്പിലെ സന്ദേശങ്ങൾ വഴി അവ ലഭിച്ചതായി ആയുഷ് സ്ഥിരീകരിക്കുകയും ചെയ്തു.

മാസങ്ങൾക്ക് ശേഷം, അസാധാരണമാംവിധം വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടില്‍ 7 കോടി രൂപയുടെ ഇടപാടുകൾ ബാങ്ക് കണ്ടെത്തി. അക്കൗണ്ട് ഒരു കൗമാരക്കാരന്റേതായതിനാൽ, നിർബന്ധിത സ്ഥിരീകരണ നടപടിക്രമങ്ങൾ ആരംഭിച്ചു. വിശദാംശങ്ങൾ കൈമാറിയ ശേഷം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി.

തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതായി മനസ്സിലാക്കിയ വിദ്യാർത്ഥി നോർത്ത് ഡിവിഷൻ സൈബർ പോലീസ് സ്റ്റേഷനെ സമീപിച്ചു. ഫെബ്രുവരി 20 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മ്യൂൾ അക്കൗണ്ട് നടത്തിയിരുന്നതായി കരുതുന്ന 23 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആയുഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. ടെലിഗ്രാം വഴി പ്രചരിപ്പിച്ച അക്കൗണ്ട് വിവരങ്ങൾ വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികൾ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

വിദ്യാർത്ഥിക്ക് തട്ടിപ്പിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അക്കൗണ്ട് ഒരു വലിയ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയുടെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Comment

More News