ചെന്നൈ: തിന്നിന്ത്യന് മാത്രമല്ല ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ തന്നെ ഇതിഹാസ ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസുരിലായിരുന്നു അന്ത്യം. ഇരുപതിലേറെ ഭാഷകളിലായി 40000ത്തോളം ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായികയാണ് വിട പറഞ്ഞത്. ഭർത്താവ് വി. രാമപ്രസാദിിന്റെ മരണത്തിന് ശേഷം സിനിമാരംഗത്തു നിന്ന് വിട്ടു നില്ക്കുകയായിരുന്നു. മകൻ: മുരളീ കൃഷ്ണ. മരുമകൾ: ഉമ.
ജാനകിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന എസ്. ജാനകി, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, പഞ്ചാബി, കൊങ്കിണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഇംഗ്ലിഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. കന്നഡ, മലയാളം, തമിഴാ ഭാഷകളിലാണ് കൂടുതൽ ഗാനം ആലപിച്ചിട്ടുള്ളത്.
1957ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗായികയായുള്ള അരങ്ങേറ്റം. എണ്ണിയാൽ തീരാത്ത ചിത്രങ്ങൾക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല് യേശുദാസിനൊപ്പമായിരുന്നു. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മഗാനമായിരുന്നു അത്. മലയാളം ഉൾപ്പടെ 18 ഭാഷകളിൽ നാല്പതിനായിരത്തോളം പാട്ടുകളാണ് ആരാധകരുടെ പ്രിയ ജാനകിയമ്മ പാടിയത്. മലയാളിയുടെ ഇഷ്ടത്തിന്റെ കണക്ക് പുസ്തകത്തിൽ എസ് ജാനകിയുടെ പാട്ടുകൾക്ക് സ്ഥാനം മുൻ നിരയിലാണുള്ളത്. ‘ഉണരൂ വേഗം നീ…’, ‘സ്വർണ്ണമുകിലേ..’, ‘ആടി വാ കാറ്റേ..’, ‘മലർക്കൊടി പോലെ’, ‘തുമ്പീ വാ’, ‘സന്ധ്യേ…’, ‘നാഥാ നീ വരും’, ‘കിളിയേ കിളിയേ’, ‘കണ്ണു കണ്ണും….’ എന്നിവ അവയില് ചിലത് മാത്രം…
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ്. ജാനകിക്ക് ലഭിച്ചിട്ടുണ്ട്. 1976ൽ ‘പതിനാറു വയതിനിലേ’ എന്ന തമിഴ് ചിത്രത്തിലെ ‘സിന്ദൂര പൂവേ…’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. 1980ൽ ‘ഓപ്പോൾ’ എന്ന മലയാളചിത്രത്തിലെ ‘ഏറ്റുമാനൂർ അമ്പലത്തിൽ…’ എന്ന ഗാനത്തിനും 1984ൽ തെലുഗു ചിത്രമായ ‘സിതാര’യിന് വെന്നല്ലോ ഗോദാരി ആനന്ദം…’ എന്നു തുടങ്ങുന്ന ഗാനത്തിനും 1992ൽ തമിഴ് ചിത്രമായ തേവർമകനിൽ ‘ഇഞ്ചി ഇടുപ്പഴകാ…’ എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുള്ളത്.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും സ്വന്തമാക്കി. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം1986ലും സുർ സിംഗർ അവാർഡ് 1987ലും റി സ്വരലയ യേശുദാസ് അവാർഡ് 2005ലും ലഭിച്ചു. 2013 ൽപത്മഭൂഷൺ ലഭിച്ചെങ്കിലും ജാനകി ഇത് നിരസിക്കുകയാണുണ്ടായത്.
1938ൽ ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് താത്പര്യം പ്രകടിപ്പിച്ചു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തി. ആകാശവാണിദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.
1957ൽ 19ാം യസിൽവിധിയിൻ വിളയാട്ട്എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ 1200 പരം ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാളത്തിലേക്കെത്തിച്ചത്. ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.
പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ:
തളിരിട്ട കിനാക്കൾ …(മൂടുപടം)
വാസന്ത പഞ്ചമി നാളിൽ…(ഭാർഗ്ഗവി നിലയം)
സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി)
മണിമുകിലെ…(കടത്തുകാരൻ)
കവിളത്ത് കണ്ണീർ കണ്ടു…(അന്വേഷിച്ചു കണ്ടെത്തിയില്ല)
താമരകുമ്പിളല്ലോ…(അന്വേഷിച്ചു കണ്ടെത്തിയില്ല)
അവിടുന്നേൻ ഗാനം കേൾക്കാൻ…(പരീക്ഷ)
എൻ പ്രാണ നായകനെ..(പരീക്ഷ)
കണ്ണിൽ കണ്ണിൽ…(ഡേഞ്ചർ ബിസ്കറ്റ്)
താനേ തിരിഞ്ഞും മറിഞ്ഞും…(അമ്പലപ്രാവ്)
ഇന്നലെ നീയൊരു…(സ്ത്രീ)
