എടത്വ : പ്രതിരോധക്കോട്ട തീർത്തും തന്ത്രങ്ങൾ മെനഞ്ഞും അവർ കിരീടമണിഞ്ഞു. അതെ, ‘പറങ്കിപ്പടയെ തകർത്ത് അർജന്റീന’ വിജയകിരീടമണിഞ്ഞു. ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിലാണ് ‘അർജന്റീന’ ടീം ആയി കളത്തിലിറങ്ങിയവർ സൂപ്പർ കുട്ടിതാരങ്ങളായത്.
ക്ളാസ് മുറികൾ വിട്ട് തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിലേക്ക് ഇഷ്ട രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞും പതാകയേന്തിയും വിദ്യാർത്ഥികൾ എത്തിയപ്പോഴേക്കും മാതാപിതാക്കളുടെ ആവേശം ഇരട്ടിയായി, വിദ്യാർത്ഥികൾക്ക് നവ്യാനുഭവവും കാണികൾക്ക് കൗതുകവുമായി.
പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരള ഒളിമ്പ്യൻ അസോസിയേഷന് ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ ഗോൾ കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ മാത്യുസ് പ്രദീപ് ജോസഫ്, സ്കൂൾ സ്പോർട്ട്സ് കൺവീനർ രമ്യ ബാബു, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ, സ്കൂള്‍ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, മാനേജർ പി.എം സന്തോഷ് കുമാർ, മെഴ്സി മാത്യൂ, സിൽവിച്ചൻ വാളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്റർ ഡയറക്ടർ ജിജി ചുടുക്കാട്ടിൽ സമ്മാനദാനം നടത്തി.
സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ക്യാമ്പയിനിൽ വിദ്യാഭ്യാസം, കായികം, സാങ്കേതിക വിദ്യ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവ സമന്വയിപ്പിച്ചുള്ള സമഗ്ര മുന്നേറ്റമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജീവിക്കുക എന്ന സന്ദേശമുയർത്തുന്ന ഈ ക്യാമ്പയിൻ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരു പുതിയ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റമാണ്.


