എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസൺ ഹുവാങ് തിരിച്ചെത്തി; ഓഹരി വിപണിയിൽ വൻ കുതിപ്പ്; മധ്യസ്ഥതയുടെ ക്രെഡിറ്റ് ഏറ്റെടുത്ത് ട്രംപ്

കാലിഫോർണിയ: ലോകത്തിലെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ സഹസ്ഥാപകൻ ജെൻസൺ ഹുവാങ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ), പ്രസിഡന്റ് എന്നീ പദവികളിലേക്ക് തിരിച്ചെത്തി.  കമ്പനിക്കുള്ളിലെ വിവാദങ്ങൾക്കും നാടകീയ സംഭവവികാസങ്ങൾക്കും പിന്നാലെയാണ് ഹുവാങ്ങിന്റെ തിരിച്ചുവരവ്. തിങ്കളാഴ്ച കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള എൻവിഡിയ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ജീവനക്കാർ നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് ഏകകണ്ഠമായാണ് ഹുവാങിനെ സിഇഒയും പ്രസിഡന്റുമായി വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്. എൻവിഡിയയുടെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് മിംഗ്-യു ലിയു ഹുവാങിന്റെ തിരിച്ചുവരവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ജീവനക്കാരെ അഭിസംബോധന ചെയ്ത ഹുവാങ്, തനിക്ക് രണ്ടാമതൊരു അവസരം നൽകിയതിന് എല്ലാവരോടും നന്ദി പ്രകടിപ്പിച്ചു. മുൻകാല അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടെന്നും, മുമ്പത്തേക്കാൾ മികച്ച സിഇഒയായാണ് ഇത്തവണ തിരിച്ചെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെത്തുടർന്നാണ് ഹുവാങ് നേരത്തെ സ്ഥാനമൊഴിഞ്ഞത്. എൻവിഡിയയിലെ വനിതാ ജീവനക്കാരുമായുള്ള ബന്ധവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ് ആരോപണങ്ങളിൽ ഉൾപ്പെടുന്നതെന്നാണ് അവകാശവാദം. ഹുവാങിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കമ്പനി സ്വതന്ത്ര അന്വേഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അദ്ദേഹത്തെ വീണ്ടും നിയമിക്കുന്നതായി അറിയിച്ച ഡയറക്ടർ ബോർഡ്, വിഷയത്തിൽ ഹുവാങ് പുലർത്തിയ സത്യസന്ധതയിലും സുതാര്യതയിലും സംതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.

മുതിർന്ന അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകൾ കൂടി പരിഗണിച്ച ശേഷമാണ് ഹുവാങ്ങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന നിലപാടിലേക്ക് ബോർഡ് എത്തിയത്. എൻവിഡിയയെ ഭാവിയിലേക്ക് നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഹുവാങെന്ന് ബോർഡ് ചെയർമാൻ ഹാർവി ജോൺസ് അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഓഹരി ഉടമകൾ, ജീവനക്കാർ, വ്യാപാര പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരുടെ ദീർഘകാല താൽപ്പര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ മുൻനിര സാങ്കേതിക കമ്പനികളിലൊന്നിനെ വീണ്ടും നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനവും ബഹുമതിയുമുണ്ടെന്ന് ഹുവാങ് പ്രതികരിച്ചു.

ഹുവാങിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതിൽ താൻ നിർണായക പങ്കുവഹിച്ചുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതായി സിഎൻബിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയയുടെ ഡയറക്ടർ ബോർഡുമായി നേരിട്ട് ആശയ വിനിമയം നടത്തിയെന്നും, കമ്പനിയുടെ സഹസ്ഥാപകനെ നേതൃസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത ബോർഡ് അംഗങ്ങളെ ബോധ്യപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവിദ്യാ രംഗത്തെ മത്സരവും അത്യാധുനിക സെമികണ്ടക്ടറുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഹുവാങിന്റെ തിരിച്ചുവരവിന് രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുണ്ട്. എൻവിഡിയയുടെ അത്യാധുനിക എച്ച്200 (H200) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ചൈനയിൽ വിൽക്കുന്നതിനുള്ള അനുമതി ലഭ്യമാക്കാൻ ഹുവാങ് നേരത്തെ ട്രംപ് ഭരണകൂടത്തിൽ സമ്മർദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഹുവാങിന്റെ തിരിച്ചുവരവ് സംബന്ധിച്ച വാർത്ത അമേരിക്കൻ ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച എൻവിഡിയയുടെ ഓഹരി വില 31.48 ശതമാനം ഉയർന്നുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2003നു ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ ഏകദിന നേട്ടവും വ്യാപാര ചരിത്രത്തിലെ മൂന്നാമത്തെ മികച്ച പ്രകടനവുമാണിതെന്നാണ് അവകാശവാദം. ഒറ്റ വ്യാപാര ദിനത്തിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 952 ബില്യൺ ഡോളറിന്റെ വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. വ്യാപാരത്തിനിടെ എൻവിഡിയ ഓഹരികൾ 36.6 ശതമാനം വരെ ഉയർന്നെങ്കിലും പിന്നീട് നേട്ടത്തിൽ നേരിയ ഇടിവുണ്ടായി.

സാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ പ്രധാന ഓഹരി സൂചികകളും നേട്ടമുണ്ടാക്കിയതായാണ് വിവരം. നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 6.51 ശതമാനവും എസ് ആൻഡ് പി 500 സൂചിക 4.73 ശതമാനവും ഉയർന്നുവെന്നാണ് റിപ്പോർട്ട്. 2025 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടമാണിതെന്നും അവകാശപ്പെടുന്നു.

അതേസമയം, ഹുവാങിന്റെ തിരിച്ചുവരവോടെ എൻവിഡിയയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ദേശീയ സുരക്ഷാ ആശങ്കകളും അവസാനിക്കുന്നില്ലെന്ന് യുഎസ് സെനറ്റ് ബാങ്കിംഗ് കമ്മിറ്റി ചെയർമാൻ ടിം സ്കോട്ട് വ്യക്തമാക്കി. ചൈനയുമായുള്ള എൻവിഡിയയുടെ വ്യാപാര ബന്ധങ്ങൾ, അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകളുടെ കയറ്റുമതി, അമേരിക്കയുടെ ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം തേടുന്നതിനായി ഡിസംബർ മൂന്നിന് ഹുവാങ് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്നാണ് വിവരം.

https://x.com/liu_mingyu/status/2124940742137430288?s=20

Leave a Comment

More News