തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മന്ത്രി വീണ ജോർജ്. കേരളത്തിന്റെ ആരോഗ്യ സംവിധാനം രാജ്യത്തിന് മാതൃകയാണെന്നും നിപ, അമീബിക് എൻസെഫലൈറ്റിസ് പോലുള്ള ഗുരുതരമായ രോഗങ്ങളെ വിജയകരമായി പ്രതിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയെക്കുറിച്ച് ചില സ്വകാര്യ ആശുപത്രി കുത്തകകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ നിന്ന് രോഗികളെ വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇത് സ്വകാര്യ കുത്തകകളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വകാര്യ കുത്തകകൾക്ക് അടിയറവ് പറയാന്‍ സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആരോഗ്യമേഖല തകര്‍ന്നെന്ന പ്രചാരണം ആരാണ് നടത്തുന്നതെന്ന് ചോദിച്ച മന്ത്രി, സ്വകാര്യ മേഖലയുടെ താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള നീക്കമാണിതെന്ന് ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം സ്വകാര്യ ആശുപത്രി കുത്തകകൾക്ക് വേണ്ടിയാണെന്നും മന്ത്രി വിമർശിച്ചു.
എല്ലാ ജില്ലകളിലും മികച്ച സർക്കാർ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിലെ ആശുപത്രികളിലെ സൗകര്യങ്ങളുടെ ഗുണനിലവാരം പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.
