ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്തെ മൂന്ന് പള്ളികൾ വഖഫ് സ്വത്തുകളായി പ്രഖ്യാപിച്ച 1980 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഏകദേശം 46 വർഷങ്ങൾക്ക് മുമ്പ് പുറപ്പെടുവിച്ച ഒരു വിജ്ഞാപനം നിസ്സാര കാര്യങ്ങളുടെ പേരിൽ ചോദ്യം ചെയ്യാൻ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹർജിക്കാരനായ ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ അനാവശ്യമായി ഭൂത കാലത്തെ കുഴിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുതാൽപ്പര്യമോ സത്യസന്ധതയോ മുൻനിർത്തിയല്ല ഹർജി സമർപ്പിച്ചത്. റിട്ട് ഹർജിക്ക് പിന്നിലെ ഉദ്ദേശ്യവും സത്യസന്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. 2024 നും 2026 നും ഇടയിൽ സേവ് ഇന്ത്യ ഫൗണ്ടേഷൻ 37 പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തതായും കോടതി നിരീക്ഷിച്ചു.
1980 ഏപ്രിൽ 10-ലെ ഡൽഹി വഖഫ് ബോർഡിന്റെ വിജ്ഞാപനത്തെയാണ് ഹർജിയില്‍ ചോദ്യം ചെയ്തത്. വാദം കേൾക്കുന്നതിനിടെ, ഹർജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഉമേഷ് ശർമ്മ, 1980-ലെ വിജ്ഞാപനം ജഹാംഗീർപൂരിലെ ജുമാ മസ്ജിദ്, മോത്തി മസ്ജിദ്, മസ്ജിദ് ജഹാംഗീർപുരി എന്നിവ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതായി വാദത്തിനിടെ പറഞ്ഞു.
ഈ മൂന്ന് പള്ളികൾ സ്ഥിതി ചെയ്യുന്ന ഭൂമി 1977 ൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സർക്കാർ ഏറ്റെടുത്തതാണെന്നും, ഏറ്റെടുത്തതിനു ശേഷം ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയെന്നും ഹർജിയിൽ പറയുന്നു. എന്നാല്‍, പിന്നീട് പള്ളികൾ അനധികൃതമായി സ്ഥാപിക്കപ്പെട്ടു. അപ്പോൾ, അവ എങ്ങനെ വഖഫ് സ്വത്തായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് ഹര്‍ജിയില്‍ ചോദിച്ചിരിക്കുന്നത്.
വാദം കേൾക്കുന്നതിനിടെ, ഡൽഹി വഖഫ് ബോർഡ് ഹർജിയെ എതിർത്തുകൊണ്ട് വഖഫ് ബോർഡ് കമ്മീഷണറുടെ മതിയായ അന്വേഷണത്തിന് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് പറഞ്ഞു. വഖഫ് നിയമത്തിലെ സെക്‌ഷന്‍ 6 പ്രകാരം, ഒരു സ്വത്ത് നാമനിർദ്ദേശം ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിൽ സിവിൽ കോടതിയിൽ ചോദ്യം ചെയ്യണമെന്ന് വഖഫ് ബോർഡ് വാദിച്ചു. എന്നാൽ, 46 വർഷങ്ങൾക്ക് ശേഷം ചോദ്യം ചെയ്യപ്പെടുന്നത് ദുരുദ്ദേശപരമാണെന്നും ബോര്‍ഡ് വാദിച്ചു.
