“അമ്മയായിരുന്നു എന്റെ തണല്‍, കുട്ടികൾക്ക് അപകടങ്ങൾ തിരിച്ചറിയാൻ കഴിയണം”: നടന്‍ മോഹന്‍‌ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

നമ്മുടെ കുട്ടികൾ ഫോണുകൾ ഉപയോഗിച്ച് നിരവധി അത്ഭുതങ്ങൾ കാണിക്കുന്നുണ്ട്, പക്ഷേ ലോകം വളരെ വലുതാണ്, അതിനുള്ളിലെ ചതിക്കുഴികൾ തിരിച്ചറിയാൻ അവര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു മുത്തച്ഛൻ എന്ന നിലയിൽ പുതിയ തലമുറയോട് എന്താണ് പറയാനുള്ളതെന്ന് നടൻ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

“കുട്ടികൾക്ക് അവരുടെ വിരൽത്തുമ്പിൽ ധാരാളം വിവരങ്ങൾ ലഭിക്കുന്നു. നമ്മുടെ കുട്ടികൾ ഫോണുകൾ ഉപയോഗിച്ച് നിരവധി അത്ഭുതങ്ങൾ കാണിക്കുന്നു, പക്ഷേ ലോകം വളരെ വലുതാണ്. എന്നാൽ അതിനുള്ളിലെ ചതിക്കുഴികൾ തിരിച്ചറിയാൻ അവര്‍ക്ക് കഴിയണം. ചിലപ്പോൾ ചെറിയ കുട്ടികൾക്ക് എല്ലാം എങ്ങനെ തിരിച്ചറിയണമെന്നറിവുണ്ടായിരിക്കുകയില്ല. അതിനാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം മാതാപിതാക്കളിൽ നിന്ന് ഒന്നും മറച്ചുവെക്കരുത് എന്നതാണ്. അത് സ്വകാര്യമായി ചെയ്യരുത്. താന്‍ കാണുന്നത് സ്വകാര്യമായി കാണണമെന്ന നിര്‍ബ്ബന്ധം പിടിക്കരുത്. അവരുടെ അമ്മയ്‌ക്കോ അച്ഛനോ കാണാൻ ഒരു തടസ്സവും ഉണ്ടാകരുത്. അത്തരമൊരു സാഹചര്യം വന്നാൽ, അവർക്ക് എന്ത് കാണാൻ കഴിയും, എന്ത് കാണാൻ കഴിയില്ല എന്നതിനെക്കുറിച്ച് കുട്ടിക്ക് ഒരു ധാരണ രൂപപ്പെടുത്താൻ കഴിയും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവരുടെ അച്ഛന്റെയോ അമ്മയുടെയോ ശ്രദ്ധയിൽപ്പെടാത്ത കാര്യങ്ങൾ മറച്ചുവെച്ച് ചെയ്യുന്ന ഒരു സാഹചര്യം ചെറുപ്പത്തിൽ തന്നെ സ്വീകരിക്കരുത് എന്നതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

ജീവിതത്തിലെന്നും അമ്മ വലിയൊരു തണലായി നിന്നിരുന്നു. അമ്മ പതിനാല് കുട്ടികളെ പ്രസവിച്ചുവെങ്കിലും താനും രണ്ട് മൂത്ത സഹോദരങ്ങളും ഒഴികെ ബാക്കിയുള്ളവർ ചെറിയ പ്രായത്തിൽ തന്നെ മരിച്ചു. അമ്മയ്ക്ക് ഈശ്വര വിശ്വാസവും അന്നത്തെ കാലത്തെ ഭൂതപ്രേത കാര്യങ്ങളിൽ വലിയ വിശ്വാസവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹൻലാലിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ‘കണ്ടും മിണ്ടീം ഇരുവർ’ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിലാണ് പിണറായി വിജയന്‍ മനസ്സു തുറന്നത്. മുഖ്യമന്ത്രിയെ പ്രശംസിച്ചും അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയുമാണ് മോഹൻലാൽ അഭിമുഖം ആരംഭിക്കുന്നത്. ഏകദേശം 30 വർഷമായി മുഖ്യമന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ലാല്‍ പറയുന്നു.

കഴിഞ്ഞ 10 വർഷം എൽ.ഡി.എഫ് സർക്കാരിൻ്റെ ഭരണകാലത്ത് കേരളം കൈവരിച്ച വികസനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം (കെ-ഫോൺ, ലൈഫ് മിഷൻ തുടങ്ങിയവ) എന്നിവയിൽ കേരളം മാതൃകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 

Leave a Comment

More News