മുണ്ടക്കൈ-ചൂരല്‍‌ല ദുരന്തം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല പുനരുദ്ധാരണത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി തറക്കല്ലിട്ടു. മേപ്പാടി കുന്നംബെട്ടയിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്ന 50 വീടുകൾക്കാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ചൂരൽമലയിലെ 40 കെട്ടിട ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം കൈമാറി.

വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കോൺഗ്രസിനൊപ്പം താനും എപ്പോഴും നിലകൊള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ ഉടൻ നിർമ്മിച്ച് നൽകും. സാങ്കേതിക കാരണങ്ങളാൽ വീടുകളുടെ നിർമ്മാണം വൈകി. “വയനാട് പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ടു. ഞാൻ രണ്ടുതവണ ദുരന്തമേഖല സന്ദർശിച്ചു. ആ ദിവസം കണ്ട കാഴ്ച സൃഷ്ടിച്ച ഞെട്ടലിൽ നിന്ന് ഞാൻ ഇതുവരെ കരകയറിയിട്ടില്ല. കൂടുതൽ സഹായം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് കോൺഗ്രസ് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്,” രാഹുൽ ഗാന്ധി പറഞ്ഞു.

സഹോദരിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി വാദ്ര മുഖ്യാതിഥിയായിരുന്നു. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട വിദ്യാർത്ഥി ഹാനി, കൃഷിയിടം, ഭൂമി, വരുമാനം എന്നിവ നഷ്ടപ്പെട്ട അന്നയ്യൻ എന്നിവരുൾപ്പെടെ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പേരുകൾ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തിൽ പരാമർശിച്ചു.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ദീപ ദാസ് മുൻസി, ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഐ സി ബാലകൃഷ്ണൻ, ടി സിദ്ദിഖ്, പി കെ ബഷീർ, ഡിസിസി പ്രസിഡൻ്റ് ടി ജെ ഐസക്, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ, കെ എൽ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News