അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുമ്പോഴും ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നതിന് ഒരു തെളിവും മോസ്കോയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ചൊവ്വാഴ്ച പറഞ്ഞു.
ഇറാനുമായി യുദ്ധത്തിന് പോകുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ കാരണങ്ങള്‍ വ്യാജമാണ്. തിങ്കളാഴ്ച, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പൊതു അഭിപ്രായങ്ങളിൽ, ടെഹ്റാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ പരാജയപ്പെടുത്തുന്നതിനാണ് താൻ ആക്രമണത്തിന് ഉത്തരവിട്ടതെന്നാണ് ട്രംപ് പറഞ്ഞത്. അത് തെറ്റായ പ്രസ്താവനയാണെന്ന് ലാവ്റോവ് പറഞ്ഞു .
“ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നതിന് ഇപ്പോഴും ഒരു തെളിവും ഞങ്ങൾ കാണുന്നില്ല, അതാണ് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ യുദ്ധത്തിനുള്ള പ്രധാന, അല്ലെങ്കിൽ ഒരേയൊരു ന്യായീകരണം,” മോസ്കോയിൽ നടന്ന ചർച്ചയ്ക്കിടെ ബ്രൂണൈ വിദേശകാര്യ മന്ത്രിയോട് ലാവ്റോവ് പറഞ്ഞു.
ഇറാനെതിരായ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ മേഖലയിലുടനീളം അനുഭവപ്പെടുന്നുണ്ടെന്നും അറബ് രാജ്യങ്ങൾ സാമ്പത്തിക നഷ്ടങ്ങളും നാശനഷ്ടങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികളും ഉടൻ തന്നെ ശത്രുത അവസാനിപ്പിക്കണമെന്ന റഷ്യയുടെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു.
“നിരുപാധികമായ ആദ്യപടി എന്ന നിലയിൽ, സാധാരണക്കാർക്ക് നാശനഷ്ടങ്ങൾ വരുത്തുന്ന ഏതൊരു പ്രവൃത്തിയും തടയാൻ സാധ്യമായതെല്ലാം നാം ചെയ്യണം,” അദ്ദേഹം പറഞ്ഞു.
ഇറാനിലെ ഒരു സ്കൂളിൽ നടന്ന ബോംബാക്രമണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇറാനിലെ തെക്കൻ പട്ടണത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിൽ 160 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി ടെഹ്റാൻ ആരോപിച്ചു.
അതേസമയം, യുഎസ് സൈന്യം മനഃപൂർവ്വം ഒരു സ്കൂളിനെയും ആക്രമിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
