തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ശബരിമല സ്വര്‍ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ഡിജിപിക്ക് പരാതി നൽകി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പോണ്‍സര്‍മാരെ ബോര്‍ഡിലേക്ക് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെയും മൊഴി നല്‍കി.
രമേശ് റാവുവിനും ഗോവർദ്ധനും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ നിർദ്ദേശിച്ചത് കടകംപള്ളിയാണെന്ന് പോറ്റി വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച എസ്‌ഐടി റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. മുൻ മന്ത്രിയുമായി അവർക്ക് പരിചയമുണ്ടെന്ന് സ്പോൺസർമാരുടെ മൊഴികളിലും പരാമർശമുണ്ട്.
കഴക്കൂട്ടത്തെ പ്രതിഭ എന്ന സ്ത്രീ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ നൽകിയ പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്ന് പോറ്റി ആരോപിച്ചു. ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജയിൽ മോചിതനാകുന്നത് തടയാൻ കടകംപള്ളി ശ്രമിച്ചതായും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പോറ്റി ആവശ്യപ്പെട്ടു.
എന്നാൽ, ആരുടെയും സാമ്പത്തിക കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണമാണിതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് ശരിയല്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
