എൽഡിഎഫ് സർക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍: രമേശ് ചെന്നിത്തല

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എല്‍ ഡി എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ വിഷയത്തിൽ സർക്കാർ മുൻ നിലപാട് മാറ്റിയിട്ടില്ലെന്നും, നിലപാട് പരിഷ്കരിച്ചുവെന്ന വാദം പൂർണ്ണമായും തെറ്റാണെന്നും ആലുവയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചെന്നിത്തല പറഞ്ഞു. സുപീം കോടതിയില്‍ സമരിപ്പിച്ച സത്യവാങ്മൂലം ഉടൻ പിൻവലിക്കണമെന്നും ചെന്നിതല ആവശ്യപ്പെട്ടു.

ഹർജി പരിശോധിച്ചപ്പോൾ സർക്കാർ മുൻ നിലപാടിൽ നിന്ന് ഒരു ഇഞ്ച് പോലും മാറിയിട്ടില്ലെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ആർത്തവ പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് സുപ്രീം കോടതിയെ വ്യക്തമായി അറിയിക്കുന്നതിനു പകരം, മതനേതാക്കളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടിയ ശേഷം കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് സർക്കാർ പറയുക മാത്രമാണ് ചെയ്തതെന്നും, വിഷയത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ പ്രവേശന നിയന്ത്രണം ഒരു “അനിവാര്യമായ മതപരമായ ആചാരം” ആണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനു പകരം, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഉടൻ പിൻവലിക്കണമെന്നും ആർത്തവ പ്രായത്തിലുള്ള സ്ത്രീകളെ ശബരി മലയിൽ പ്രവേശിപ്പിക്കരുതെന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഭക്തരുടെ വികാരങ്ങളെ ചവിട്ടി മെതിക്കാൻ സർക്കാർ വീണ്ടും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “വിശ്വാസികൾ സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു

Leave a Comment

More News