തിരുവനന്തപുരം: ഏപ്രിൽ 9 ന് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുമെന്നും, വോട്ടെണ്ണൽ മെയ് 4 ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണെന്നും നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണെന്നും കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിൽ ആകെ 30,471 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം നടപ്പിലാക്കും. കുടിവെള്ളം, റാമ്പ്, മതിയായ വെളിച്ചം, വീൽചെയറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ ഉറപ്പാക്കും. കൂടാതെ, മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഓരോ പോളിംഗ് സ്റ്റേഷനിലും പരമാവധി 1200 വോട്ടർമാർക്ക് വോട്ടു ചെയ്യാൻ അനുവാദമുണ്ടാകും.
ഓരോ രണ്ട് മണിക്കൂറിലും പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് നിരക്ക് അപ്‌ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 17.4 കോടി വോട്ടർമാരാണുള്ളത്. 824 നിയമസഭാ മണ്ഡലങ്ങളിലായി 2.19 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.
എല്ലാ വോട്ടർമാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. എല്ലാ വോട്ടർമാരും അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
