പാക്കിസ്താൻ അധിനിവേശ പിഒകെയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മുൻ എസ്‌എസ്‌ജി കമാൻഡോയും മുൻ തീവ്രവാദ പരിശീലകനുമായ ഫാറൂഖ് ഖാൻ എന്ന കമാൻഡർ ഫാറൂഖ് സുധാൻ മരിച്ചു.

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പാക്കിസ്താൻ സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, മുൻ പാക്കിസ്താൻ സൈനിക കമാൻഡർ ഫാറൂഖ് സുധാൻ എന്നറിയപ്പെടുന്ന ഫാറൂഖ് ഖാൻ പാക്കിസ്താൻ റേഞ്ചേഴ്‌സിന്റെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ.
പാക്കിസ്താന്റെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിന്റെ (എസ്‌എസ്‌ജി) കമാൻഡോ ആയിരുന്നു ഇയാൾ എന്നും പിന്നീട് നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
ജൂലൈ 27 ന് റാവലകോട്ടിൽ നിന്ന് മുസാഫറാബാദിലേക്കുള്ള റാലിക്കിടെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷം രൂക്ഷമായതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്നുണ്ടായ വെടിവയ്പ്പിൽ ഫാറൂഖ് ഖാന് ഗുരുതരമായി പരിക്കേല്‍ക്കുകയും, ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തു. സമീപ മാസങ്ങളിൽ ഇയാള്‍ പാക്കിസ്താൻ സർക്കാരിനെതിരായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്), ഹിസ്ബുൾ മുജാഹിദീൻ, ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമി (ഹുജി) തുടങ്ങിയ സംഘടനകളുമായി ഫാറൂഖ് ഖാന് ബന്ധമുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന പരിശീലന ക്യാമ്പുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കുന്ന പരിശീലന ക്യാമ്പുകളിൽ വളരെക്കാലം ഇയാൾ പങ്കുവഹിച്ചിരുന്നുവെന്നും പിന്നീട് ജെകെഎൽഎഫിന്റെ പ്രവർത്തനങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പറയപ്പെടുന്നു
ചില ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) പ്ലാറ്റ്‌ഫോമുകൾ ഫാറൂഖ് ഖാന്റെ പഴയ ഫോട്ടോകൾ പങ്കിട്ടിട്ടുണ്ട്, അതിൽ ഇയാള്‍ സായുധ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതായി കാണിക്കുന്നുണ്ടെങ്കിലും ആ ചിത്രങ്ങൾ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല.
ഫാറൂഖ് ഖാന്റെ മരണം പലതരം പ്രാദേശിക ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ചിലർ അവകാശപ്പെടുന്നത് ഇയാള്‍ അടുത്തിടെ പാക്കിസ്താന്റെ നയങ്ങളെ വിമർശിച്ചിരുന്നു എന്നാണ്. മറ്റുചിലരാകട്ടേ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പാണ് ഇതിന് കാരണമെന്ന്.
ഈ വിഷയത്തിൽ പാക്കിസ്താനിൽ നിന്ന് വിശദമായ ഔദ്യോഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല. ഈ സംഭവം പാക് അധീന കശ്മീരിലെ അശാന്തി, സുരക്ഷാ സ്ഥിതി, പാക്കിസ്താനിലെ ആഭ്യന്തര സ്ഥിതി എന്നിവയെക്കുറിച്ച് വീണ്ടും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
