ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് 21 വയസ്സുള്ള ഗർഭിണിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തെക്കഞ്ചേരി സ്വദേശി ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജിലെ വിദ്യാർഥിനിയായ ഫാത്തിമ മൂന്ന് മാസം ഗർഭിണിയാണെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ ഏകദേശം 8.30ഓടെ ചാവക്കാട് സൗത്ത് ബൈപാസിലായിരുന്നു അപകടം. കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘പാലയൂർ’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. ബസ് സൗത്ത് ബൈപാസിലെ വളവ് തിരിയുന്നതിനിടെ യാത്രക്കാരിയായ ഫാത്തിമ ബസിനുള്ളിലെ സപ്പോർട്ട് കമ്പിയിൽ പിടിച്ചുനിൽക്കുകയായിരുന്നു. വളവ് എടുക്കുന്നതിനിടെ കമ്പിയിലുള്ള പിടിവിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഫാത്തിമ തുറന്നുകിടന്നിരുന്ന ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്നവരും മറ്റ് യാത്രക്കാരും ചേർന്ന് ഫാത്തിമയെ ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വീഴ്ചയിൽ കാലിനും കൈക്കും മുഖത്തും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലും ചികിത്സയിലും പരിക്കുകൾ ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് ഫാത്തിമയെ ഡിസ്ചാർജ് ചെയ്തു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻവാതിൽ തുറന്നുകിടന്ന സാഹചര്യത്തിലാണ് യുവതി പുറത്തേക്ക് വീണതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചത്.
ഗർഭിണിയായ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
