പാലാരിവട്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എറണാകുളം പാലാരിവട്ടം പഴശ്ശി റോഡിലെ വടശ്ശേരി ഹൗസിലെ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ക്യാമ്പസിൽ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജുവാന്റെ സഹപാഠികളെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.

സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിധാൻനഗർ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. ജുവാന്റെ ബന്ധുക്കൾ കൊൽക്കത്തയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്.

2012 ലും 2015 ലും ഇതേ സ്ഥാപനത്തിൽ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. 2012 ൽ വസീം ഇഖ്ബാൽ എന്ന വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. 2015 ൽ അസം സ്വദേശിയായ വികാസ് ചൗധരി എന്ന ഒന്നാം വർഷ വിദ്യാർത്ഥി മരിച്ചു. വികാസ് ചൗധരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ അന്നത്തെ സർവകലാശാല വിസിക്കും ഹോസ്റ്റൽ വാർഡനുമെതിരെ പരാതി നൽകിയിരുന്നു.

Leave a Comment

More News