തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയിലുണ്ടായ സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ദുരന്തം ഞെട്ടലുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണം. മനുഷ്യജീവന് അപകടകരമായ ഒന്നും സംഭവിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ചികിത്സയിൽ കഴിയുന്നവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ഫോടനം നടക്കുമ്പോൾ വെടിക്കെട്ടു പുരയില്‍ 34 പേർ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അപകടത്തെക്കുറിച്ച് അന്വേഷിക്കും. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. നിലവിൽ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ തിരിച്ചറിയാന്‍ ഡിഎൻഎ പരിശോധന നടത്തും.
അതിനിടെ, വെടിക്കെട്ടു പുര സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയാണ് മന്ത്രിസഭായോഗം ചേർന്നത്. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ ചുമതല.
സ്ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.
പരിക്കേറ്റവര്‍ക്ക് 6 മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശിപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാവുന്നതാണ്. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും.
